ദുബായ്∙ ദുബായുടെ വർണവിസ്മയമായ ‘മിറാക്കിൾ ഗാർഡന്’ പോലെ ‘മിറാക്കിൾ വെജിറ്റബിൾ ഗാർഡൻ’ എന്ന നൂതനാശയവുമായി ‘കളർഫുൾ തക്കാളിത്തോട്ട’ത്തിന്റെ തോഴി തൃശൂർ മാള സ്വദേശിനി സനീറ കളത്തിപ്പറമ്പിൽ രംഗത്ത്. ദുബായ് റാഷിദിയ്യയിലെ വില്ലയ്ക്ക് ചുറ്റും അറുപതോളം വ്യത്യസ്ത തരം തക്കാളികളും പച്ചക്കറികളും നട്ടുവളർത്തി ശ്രദ്ധേയായ ഈ യുവതി ഇതുസംബന്ധിച്ച തന്റെ പരിചയസമ്പത്ത് വിശദീകരിച്ച് നൂതനാശയങ്ങൾ സമർപ്പിക്കേണ്ട യുഎഇ സർക്കാരിന്റെ ഷാരിക്.എഇ(sharik.ae) എന്ന പോർട്ടലിൽ റിപോർട്ട് സമർപ്പിച്ച് കാത്തിരിക്കുകയാണ്.
വിദ്യാർഥികൾക്കും കാർഷിക ഗവേഷകർക്കും പൊതുജനങ്ങൾക്കും പച്ചക്കറികൃഷിയെ മനസിലാക്കാനും ലോകത്തെ തന്നെ അപൂർവഇനം പച്ചക്കറികള്, ശ്രമിച്ചാൽ യുഎഇയുടെ മണ്ണിൽ ഉത്പാദിപ്പിക്കാമെന്ന് മനസിലാക്കി കൊടുക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കാൻ ശ്രമിക്കുന്നതെന്ന് സനീറ മനോരമ ഓൺലൈനിനോട് പറഞ്ഞു. നിലവിൽ ഒട്ടേറെ സ്വകാര്യ പച്ചക്കറി ഫാമുകളുണ്ടെങ്കിലും അവിടേക്ക് പലപ്പോഴും പ്രവേശനം കർശനമാണ്. താനുദ്ദേശിക്കുന്ന മിറാക്കിൾ പച്ചക്കറി ഗാർഡനിലേയ്ക്ക് മിറാക്കിൾ ഗാർഡൻ പോലെ ടിക്കറ്റ് വച്ച് പ്രവേശനം നൽകാവുന്നതാണ്. മിറാക്കിൾ വെജിറ്റബിൾ ഗാർഡന് മേൽനോട്ടം വഹിക്കാൻ തനിക്ക് സാധിക്കുമെന്ന് ഈ രംഗത്ത് 10 വർഷത്തിലേറെ പരിചയസമ്പത്തുള്ള എൻജിനീയർ കൂടിയായ ഈ യുവതി പറയുന്നു. നൂതനാശയങ്ങളെ മനസിലാക്കി സ്വീകരിക്കാറുള്ള യുഎഇ സർക്കാർ ഭാഗത്ത് നിന്ന് പോസിറ്റീവായുള്ള മറുപടി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.
∙സനീറ സർക്കാരിന് എഴുതിയത്
ദുബായിലെ മിറാക്കിൾ ഗാർഡൻ ഒരു അത്ഭുത പൂന്തോട്ടമാണ്. സ്വകാര്യ ഉപയോഗത്തിനോ സ്വകാര്യ ബിസിനസ് ആവശ്യത്തിനോ ധാരാളം സ്വകാര്യ പച്ചക്കറി ഫാമുകൾ ഉണ്ട്. പൂന്തോട്ടത്തേക്കാൾ ഒരു അത്ഭുത പച്ചക്കറിത്തോട്ടം അതിന്റെ പരമാവധി ഭംഗിയിൽ നമുക്ക് വികസിപ്പിക്കാം. നവംബർ മുതൽ മേയ് വരെ തുറസ്സായ സ്ഥലത്തെ പച്ചക്കറി കൃഷിക്ക് അനുയോജ്യകാലയളവാണ്. നമുക്ക് എല്ലാ പച്ചക്കറികളും ഒരു അലങ്കാരമാക്കാം. ഈ ഗാർഡൻ ടൂർ യുഎഇയിൽ താമസിക്കുന്ന നമ്മുടെ സ്വന്തം ഭക്ഷണം എങ്ങനെ വളർത്താമെന്ന് ആളുകൾക്ക് ബോധ്യപ്പെടുത്തും. വിദ്യാർഥികളുടെ പഠനയാത്രയ്ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. നമ്മുടെ ഓരോ ഭക്ഷണവും ചെടികളിൽ നിന്ന് എങ്ങനെയുണ്ടാകുമെന്ന് ഭൂരിപക്ഷം ആളുകൾക്കും വിദ്യാർഥികൾക്കും അറിയില്ലായിരുന്നു. കംപ്യൂട്ടർ എന്ജിനീയറാണെങ്കെിലും ഈ പച്ചക്കറി കൃഷി എന്റെ അഭിനിവേശമാണ്. ഒരു അത്ഭുത പച്ചക്കറിത്തോട്ടം നടപ്പിലാക്കുക എന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്നു.
ദുബായിലെ എല്ലാത്തരം വിളകളെക്കുറിച്ചും എനിക്ക് ശക്തമായ അറിവുണ്ട്. ദുബായിലെ റാഷിദിയയിലെ പത്തുവർഷത്തെ ജീവിതയാത്രയിൽ ഞാൻ എല്ലാം അനുഭവിച്ചു. എന്റെ വീടിനു മുന്നിൽ എന്റെ അഭിനിവേശവും സ്വപ്നവും നടപ്പിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഒരു ചെറിയ കുടുംബ ബജറ്റിൽ ഞങ്ങൾക്ക് വളരെയധികം പരിമിതികളുണ്ട്. ഇപ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, എന്റെ അഭിനിവേശവും ആശയങ്ങളും എന്റെ വീടിന് മുന്നിൽ സൂക്ഷിക്കാൻ. കുടുംബമായി താമസിക്കുന്ന സ്ഥലത്ത് ഈ പച്ചക്കറിത്തോട്ടം ഇനിയും ഏറെ കാലം തുടരുക പ്രയാസകരമായിരിക്കുന്നു. ദുബായിൽ ഒരു അത്ഭുത പച്ചക്കറിത്തോട്ടത്തിനോ ഇതുപോലുള്ള മറ്റേതെങ്കിലും സംരംഭത്തിനോ വേണ്ടിയുള്ള ടീമിന്റെ ഭാഗമായി എന്റെ അറിവും ആശയങ്ങളും ഉപയോഗിക്കാൻ എന്നെ പിന്തുണയ്ക്കുക.
∙ ഇക്കുറി ഒട്ടേറെ പുതിയ അതിഥികൾ
അതേസമയം, സനീറയുടെ കളർഫുൾ തക്കാളി–പച്ചക്കറിത്തോട്ടത്തിൽ ഇക്കുറി ഒട്ടേറെ പുതിയ അതിഥികൾ. 60 ലേറെ തരം നിറത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള തക്കാളി തന്നെയാണ് ഇപ്രാവശ്യവും മിന്നും താരം. കൂടാതെ, വാഴകളുടെ വൈവിധ്യം കൂടി. മൈസൂർ പഴവും ഇപ്രാവശ്യമുണ്ടായി. ഇരുമ്പം പുളി, വള്ളിച്ചീര, മൈലാഞ്ചിച്ചെടികൾ, പരുത്തിച്ചെടി, പുളിവെണ്ട(റോസല്ല), പൊന്നാങ്കണ്ണിച്ചീര, തണ്ണിമത്തൻ, പൊടിവെള്ളരി,സ്വീറ്റ് മെലൻ, റോക്ക് മെലൻ തുടങ്ങിയവയും ഇപ്രാവശ്യമെത്തി. നെല്ലിക്കാ വലിപ്പമുള്ളതു മുതൽ പല നിറങ്ങളിലും രൂപങ്ങളിലുമുള്ള ചെറുതും വലുതുമായ തക്കാളി തോട്ടത്തിന് അപൂർവ ഭംഗി പകരുന്നു. ഇതു കൂടാതെ, പതിനഞ്ചോളം ഇനം മുളകുകൾ അടക്കം 36 തരം പച്ചക്കറികൾ, 13 തരം പഴവർഗങ്ങൾ, 8 തരം ആയുർവേദ ചെടികൾ, 36 തരം പൂച്ചെടികൾ എന്നിവയും ഈ ചെറിയ, വലിയ തോട്ടത്തെ സമ്പന്നമാക്കുന്നു.
∙കറിവേപ്പ് നട്ടു തുടങ്ങിയ കൃഷി
കംപ്യൂട്ടർ എൻജിനീയറായ സനീറ 12 വർഷം മുൻപ് ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനടുത്തേക്ക് വരുമ്പോൾ നല്ലൊരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കണമെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. എന്നാൽ, മൂത്തമകൾ ചെറിയ കുട്ടിയായതിനാൽ ജോലി എന്ന ആഗ്രഹം തത്കാലത്തേയ്ക്ക് മാറ്റിവച്ചു. പക്ഷേ, വില്ലയിലെ ജീവിതം ബോറടിച്ചപ്പോഴാണ് 10 വർഷം മുൻപ് അങ്കണത്തിലെ വിശാലമായ സ്ഥലത്ത് പച്ചക്കറിത്തോട്ടം എന്ന ചിന്തയുണ്ടായത്.
കറിവേപ്പായിരുന്നു ആദ്യ പരീക്ഷണം. ആളങ്ങ് പെട്ടെന്ന് വളർന്നുപന്തലിച്ചതോടെ, മണ്ണ് കൃഷിയോജ്യമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ദുബായ് വർസാനിലെ വിപണിയിൽ നിന്ന് കൃഷിക്കനുയോജ്യമായ ചാണകമിശ്രിതമുള്ള മണ്ണ് കൊണ്ടുവന്നു വിവിധ തരം പച്ചക്കറികൾ നട്ടു. പയറ്, അമര, സോയ ബീൻ, വാളങ്ങാ പയർ, ചതുര പയർ, നിത്യ വഴുതന (Clove Beans–ഇത് 3 തരമുണ്ട്), അഗത്തി, ചായമൻസാ, ചീര ചേമ്പ്, കേയ്ൽ ലീവ്സ്(Kale Leaves), വഴുതനങ്ങ( 5തരം), സാമ്പാർ ചീര, വള്ളി ചീര, നാടൻ ചീര, വെണ്ട (പച്ച, ചുവപ്പ് ), പാവയ്ക്ക ( വെള്ള, പച്ച ), നാല് തരം മത്തങ്ങ(pumpkin), കുമ്പളം, ചിരങ്ങ( ഉരുണ്ടതും നീളമുള്ളതും), പീച്ചിങ്ങ (3 തരം), പടവലം, ഇഞ്ചി, കൂർക്ക, ക്യാരറ്റ്, ക്യാബേജ്, കോളിഫ്ലവർ, മുരിങ്ങ, കുക്കുംബർ, മല്ലിയില, പെരുംജീരകം, നല്ല ജീരകം, പുതിന യില, പച്ച മുളക്. പച്ചമുളക് തന്നെ പാൽമുളക്, ജി ഐ ടാഗ് നേടിയ എടയൂർ മുളക്, കാന്താരി (വിവിധ തരം), കാപ്സിക്കം(ചുവപ്പും മഞ്ഞയും), മണി തക്കാളി.
പഴ വർഗങ്ങളാണെങ്കിൽ, പപ്പായ, സ്ട്രോബറി, ഗോൾഡൻ ബെറി, മൾബെറി, പേരക്ക, ഞാവൽ, അത്തിപ്പഴം, മെലൻ( വത്തയ്ക്ക, റോക് , സ്വീറ്റ് , ഹണി , മസ്ക് മെലൻ), പൊട്ടുവെള്ളരി, നാരങ്ങ, മധുര ചോളം, മഴവിൽ ചോളം. ആയുർവേദ ചെടികളിൽ തുളസി തന്നെ 3 തരമുണ്ട്. നവര ഇല( പനി കൂർക്ക ), റോസ് മെറി, അജ് വൈൻ ഇല, ശംഖ് പുഷ്പം, അലോവേര, ഇഞ്ചപുൽ (Lemon Grass), മൈലാഞ്ചി. പാരിജാതം, ഗന്ധരാജ (Gardenia ), പിച്ചകം, മുല്ല, മരമുല്ല, രാത്രിമുല്ല(Night Blooming Jasmine), മുല്ലമരം, പാക്കിസ്ഥാൻ മുല്ല, തേൻ പൂവള്ളി(coral vine), റോസ്, അരളി പൂ, ഹോളിഹോക്സ്, സൂര്യകാന്തി, റ്റിതോണിയ ( Mexican Sunflower), ചെത്തിപ്പൂ, ചെമ്പരത്തി, സീനിയ, കോളിയസ് കളക്ഷൻ, ഖസാനിയ, ജെറാനിയം, ആഫ്രിക്കൻ വയലറ്റ്സ്, മണി പ്ലാന്റ്, സ്നേക് പ്ലാന്റ്(Snake Plant), ഡയാന്തസ്സ്, കടലാസ് പൂക്കൾ(വിവിധതരം), പത്തു മണി പൂക്കൾ(എല്ലാത്തരവും), മാരിഗോൾഡ്(വിവിധതരം), സ്വാർഡ് ജെയ്ഡ്(Sward Jade), കലൻജിയോ(Kalanjeo), ടർട്ടിൽ വൈൻ(Turtle Vine), നിത്യ കല്യാണി, പീസ് ലില്ലി(Peace Lilly), പിറ്റൂണിയ (വിവിധ തരം) എന്നീ പൂക്കളും സുഗന്ധം പരത്തുന്നു.
∙ സ്വാഗതമോതാൻ പൂക്കളും പച്ചക്കറികളും
വില്ലയുടെ ഇരുമ്പു കവാടത്തിന് മുന്നിലെത്തിയാൽ അലങ്കാരച്ചട്ടികളിലും ഉപയോഗശൂന്യമായ തോണിയിലുമെല്ലാം മനോഹരമായി വിതാനിച്ച വൈവിധ്യമാർന്ന പൂക്കളും മതിലിൽ തൂങ്ങിനിൽക്കുന്ന പച്ചക്കറികളും നമ്മളെ സ്വാഗതം ചെയ്യുന്നു. കൂടാതെ, ഇതിനോട് ചേന്നാണ് വലിയ മുരിങ്ങമരം. അകത്ത് പ്രവേശിച്ചാൽ ആദ്യം ശ്രദ്ധയിൽപ്പെടുക മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള തക്കാളിക്കുഞ്ഞുങ്ങൾ. തൂങ്ങിയാടുന്ന പാവയ്ക്ക, മത്തൻ, കുമ്പളം, ചിരങ്ങ എന്നിവയാണ് മറ്റൊരു ആകർഷണം. യൂറോപ്പിലൊക്കെ കാണുന്ന പോലെ വീടിന്റെ മതിലിനെ ആലിംഗനം ചെയ്യുന്ന പച്ചക്കറിവള്ളികളും പൂക്കളും എത്ര നോക്കിനിന്നാലും മതിവരില്ല. കൂടാതെ, കിളികളുടെയും പക്ഷികളുടെയും കളകള ശബ്ദം പരിസരത്തിന് സംഗീതം പൊഴിക്കുന്നു.
∙ കുടുംബം ഒന്നാകെ തോട്ടത്തിൽ
മിക്കപ്പോഴും ഒറ്റയ്ക്കാണ് സനീറ പഴം–പച്ചക്കറിത്തോട്ടം പരിചരിക്കുന്നതെങ്കിലും ജോലി കഴിഞ്ഞ് വന്നെത്തുന്ന ഭർത്താവിന്റെയും മക്കളുടെയും സഹായം ലഭിക്കും. മക്കളായ ദുബായ് നിംസിലെ എട്ടാം തരം വിദ്യാർഥിനി നഹ്ല ഫാത്തി, ആറാം ക്ലാസുകാരി ഹസ്ന മറിയം, കിൻഡർ ഗാർട്ടനിൽ പഠിക്കുന്ന മുഹമ്മദ് എന്നിവർക്കും കൃഷിയോട് താത്പര്യമുള്ളതിനാൽ, പ്രശ്നളൊന്നുമില്ലാതെയാണ് സനീറ തന്റെ പാഷനുമായി മുന്നോട്ടുപോകുന്നത്. നാട്ടിൽ നിന്നാണ് വിത്തുകൾ കൂടുതലും കൊണ്ടുവരുന്നത്. പച്ചില വളകളും വർസാനിൽ നിന്ന് വാങ്ങുന്ന ചാണക വളവും മാത്രം ഉപയോഗിക്കുന്ന ജൈവ കൃഷിയാണിത്. അതുകൊണ്ട് തന്നെ പഴം–പച്ചക്കറികൾക്ക് ഗുണവും സ്വാദുമേറെ.
∙ സ്ഥലപരിമിതിയാണ് പ്രശ്നം
സനീറ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. കൂടുതൽ സ്ഥലം ലഭിച്ചിരുന്നെങ്കിൽ വൈവിധ്യമാർന്ന കൂടുതൽ ഇനങ്ങൾ നട്ടുവളർത്താമായിരുന്നുവെന്ന് ഇവർ പറയുന്നു. രാസവളങ്ങൾ ചേർക്കാതെ വളർത്തുന്നതിനാൽ, പഴങ്ങളിലും ചില പച്ചക്കറികളിലും മറ്റും കീട ശല്യമുണ്ടാകുന്നുണ്ട്. ഇവയെ അകറ്റാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നു. ഇതിനായി പണച്ചെലവുമുണ്ട്. എലി ശല്യം തീർത്തും ഒഴിവാക്കാനാകാത്ത സങ്കടത്തിലാണ് ഈ യുവതി. എലികൾ വന്ന് ശാപ്പിടുന്നതിനാൽ മുറ്റത്ത് കായ്ക്കുന്ന സ്വീറ്റ് മെലൻ ഇതുവരെ തിന്ന് കൊതി തീർന്നിട്ടില്ലെന്ന് മക്കളും പരിഭവിക്കുന്നു. വിളവെടുക്കുമ്പോൾ പഴവും പച്ചക്കറികളും ബന്ധുക്കള്ക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് ചെയ്യുന്നത്. ഇതൊരു ബിസിനസ് ആക്കാൻ ഉദ്ദേശിക്കുന്നില്ല. തന്റെ കൃഷി വിശേഷങ്ങൾ യു ട്യൂബ് ചാനലി(HasNaZ’world Gardening&DubaiVlog) ലൂടെ സനീറ പങ്കുവയ്ക്കുന്നു. ഒരു ഹോബിക്ക് വേണ്ടി ആരംഭിച്ച കൃഷി ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഈ കുടുംബത്തിന്. താനിത്രയും നാളുകളിൽ നേടിയ പരിചയമ്പത്ത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനുള്ള താത്പര്യം കൂടിയാണ് മിറാക്കിൾ വെജിറ്റബിൾ ഗാർഡൻ എന്ന ആശയത്തിലേയ്ക്ക് സനീറയെ എത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു