ദുബായ് /അബുദാബി ∙ സൺറൂഫിൽ നിന്ന് തല പുറത്തേക്കിടുകയോ ഓടുന്ന വാഹനങ്ങളുടെ ജനാലകളിൽ ഇരിക്കുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് ദുബായിലെയും അബുദാബിയിലെയും പൊലീസ് മുന്നറിയിപ്പ് നൽകി. നിരവധി വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ്, അബുദാബി പൊലീസ് മുന്നറിയിപ്പ്. ഒാടുന്ന വാഹനങ്ങളുടെ സൺറൂഫ് തുറന്ന് തല പുറത്തേയ്ക്കിടുന്ന കുട്ടികൾ റോഡുകളിലെ പതിവു കാഴ്ചകളാണ്.
∙ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ, 2,000 ദിർഹം പിഴ
കഴിഞ്ഞ വർഷം ഓടുന്ന വാഹനങ്ങളിൽ നിന്ന് വീണ് കുറേ പേർക്ക് പരുക്കേറ്റിരുന്നതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ കുറ്റം ചെയ്യുന്നവർക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. നിയമലംഘകരുടെ വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുക, 2,000 ദിർഹം പിഴ, 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ എന്നിവ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ ചെലവാകും. ട്രാഫിക് നിയമങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് അബുദാബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് പ്രസ്താവന പുറത്തിറക്കി.
ചലിക്കുന്ന വാഹനങ്ങളുടെ വിൻഡോയിൽ ഇരിക്കുകയോ മേൽക്കൂരയിൽ നിന്ന് തല പുറത്തിടുകയോ ചെയ്യുന്നത് അപകടകരമായ സ്വഭാവമണെന്നും അത് ഗുരുതരമായ പരുക്കുകൾക്ക് കാരണമാകുമെന്നും അൽ മസ്റൂയി പറഞ്ഞു. പ്രത്യേകിച്ചും വാഹനം പെട്ടെന്ന് നിർത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ. ഇത്തരം സംഭവങ്ങൾ എതിരെ വരുന്ന വാഹനത്തിന് ഭീഷണിയുയർത്തുകയും കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും ഇതിനെതിരെ പൊലീസിന്റെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ദുബായിൽ അപകടകരമായ ഡ്രൈവിങ് രീതികളുമായി ബന്ധപ്പെട്ട് 1,183 നിയമലംഘനങ്ങൾ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് രേഖപ്പെടുത്തി. 707 വാഹനങ്ങൾ കണ്ടുകെട്ടുകയുമുണ്ടായി. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും ഉടൻ പൊലീസിനെ ബന്ധപ്പെടാം. ഫോൺ: 901. ദുബായ് പൊലീസ് സ്മാർട് ആപ്പ്(Dubai Police smart app).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു