കെസിവൈഎല്‍ ഒമാന്‍ യൂണിറ്റ് പുനഃരാരംഭിച്ചു

മസ്‌കത്ത് ∙ ഒമാനിലെ ക്‌നാനായ യുവജനങ്ങളുടെ കൂട്ടായ്മക്കും ഒത്തുചേരലിനും വഴിയൊരുക്കിയിരുന്ന സംഘടനയായ, ഒമാന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പുനഃരാരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന ഒമാന്‍ കെ സിവൈഎലിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നിന്ന് പോയിരുന്നു. ഒമാനിലെ ക്‌നാനായ യുവജനങ്ങളെ വീണ്ടും ഒന്നിച്ച് ചേര്‍ക്കുന്നതിനായി കഴിഞ്ഞ ദിവസം മസ്‌കത്തിലെ ഹോട്ടല്‍ ഗോള്‍ഡണ്‍ തുലിപ്പില്‍ വച്ച് നടന്ന കെ സി സി ഒമാന്‍റെ വാര്‍ഷിക ആഘോഷത്തിലാണ് യുവജന കൂട്ടായ്മയുടെ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.

കെ സി സി ഒമാന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒമാന്‍  കെ സി വൈ എല്‍ പ്രസിഡന്‍റായി ഫെബിന്‍ ജോസിനെയും, വൈസ് പ്രസിഡന്‍റായി ഡെന്നി ഫിലിപ്പിനെയും, സെക്രട്ടറിയായി ജിബിന്‍ ജയിംസ്‌നെയും ജോയിന്‍റ് സെക്രട്ടറിയായി നിയ മരിയ മനോജിനെയും ട്രഷററായി ജോബിന്‍ ജോണിനെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മുന്‍ കെ സി സി ട്രഷറര്‍ ആയിരുന്ന ബിജു സ്റ്റീഫനാണ് യുവജന സംഘടനയുടെ ഡയറക്ടറായി ചുമതലയേറ്റത്. 

ശേഷം നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ബിജു സ്റ്റീഫന്‍ ഭാരവാഹികള്‍ക്ക് സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഒമാനില്‍ പല ഇടങ്ങളിലായുള്ള ക്‌നാനായ യുവജനങ്ങളെ കെ സി സി ഒമാന്‍ അംഗങ്ങളുടെ സഹകരണത്തോടെ ഒന്നിച്ചുചേര്‍ത്ത് കെ സി വൈ എല്‍ ഒമാന്‍ വീണ്ടും സജീവമാക്കുമെന്ന് പ്രസിഡന്‍റ് ഫെബിന്‍ ജോസ് അറിയിച്ചു. സംഘടനയുടെ മുന്‍ രേഖകളും റിപ്പോര്‍ട്ടുകളും കെ സി സി അംഗങ്ങള്‍ സെക്രട്ടറി ജിബിന്‍ ജെയിംസിനു കൈമാറി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു