ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ മേളയുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഫനാർ). കതാറ കൾച്ചറൽ വില്ലേജ്, ഖത്തർ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏഷ്യൻ കപ്പിനെത്തിയ ആരാധകരും സന്ദർശകരുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തതായി ഔഖാഫ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
എജുക്കേഷൻ സിറ്റി മസ്ജിദിൽ സംഘടിപ്പിച്ച അറബിക് കാലിഗ്രഫി ശിൽപശാലയിലും, കതാറ പള്ളിയിൽ മുസ്ലിം വ്യക്തിത്വത്തെക്കുറിച്ച് സംഘടിപ്പിച്ച പ്രഭാഷണത്തിലും പ്രദർശനത്തിലും നിരവധി പേർ പങ്കെടുത്തു.
അതേസമയം, വിവിധ രാജ്യങ്ങളിൽനിന്ന് എജുക്കേഷൻ സിറ്റിയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായി ഖത്തറിനെയും ഇസ്ലാമിക സംസ്കാരത്തെയും കുറിച്ച് ഫനാർ ആമുഖപരിപാടി സംഘടിപ്പിച്ചു.
ഇസ്ലാമിക പണ്ഡിതനായ അബ്ദുറഹീം മക്കാർത്തിയുടെ ഖുർആനിക് റിഫ്ലക്ഷൻസ് എന്ന പരിപാടിക്ക് ലുസൈൽ മസ്ജിദിൽ ഫനാറിന് കീഴിൽ തുടക്കം കുറിച്ചു. ഇംഗ്ലീഷ് ഭാഷയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പണ്ഡിതരായ അഹ്മദ് അൽ ദോസരി, അബ്ദുറഹീം മക്കാർത്തി എന്നിവരെ പങ്കെടുപ്പിച്ച് കതാറയിൽ വെർച്വൽ റിയാലിറ്റി ഇവന്റ് ഉൾപ്പെടെ വൈവിധ്യമാർന്ന വിദ്യാഭ്യാസ പരിപാടികൾക്കും ഫനാർ നേതൃത്വം നൽകി.
ഇംഗ്ലീഷ് സംസാരിക്കുന്നവർക്കായി ഫനാർ എജുക്കേഷൻ സിറ്റി പള്ളിയിൽ പ്രത്യേക സന്ദർശനം സംഘടിപ്പിച്ചു. ആധുനികതയും ആധികാരികതയും സമന്വയിപ്പിച്ച് കൊണ്ടുള്ള പള്ളിയുടെ വിശിഷ്ടമായ വാസ്തുവിദ്യയെക്കുറിച്ച് അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു