മനാമ: ദുബൈ ഇന്റർനാഷനൽ എൻഡ്യൂറൻസ് സിറ്റിയിൽ (ഡി.ഐ.ഇ.സി) നടന്ന 80 കിലോമീറ്റർ യോഗ്യതമത്സരത്തിൽ ആവേശം വിതച്ച് ഹമദ് രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനും പ്രതിനിധി ശൈഖ് നാസറിന്റെയും കുട്ടികളുടെയും സാന്നിധ്യം. ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയോടൊപ്പം മക്കളായ ശൈഖ ഷീമ ബിൻ നാസർ, ശൈഖ് ഹമദ് ബിൻ നാസർ, ശൈഖ് മുഹമ്മദ് ബിൻ നാസർ എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.
കൊച്ചുമക്കൾക്ക് പ്രോത്സാഹനം നൽകാൻ യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഉണ്ടായിരുന്നു.
353 റൈഡർമാർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ശൈഖ ഷീമ ബിൻ നാസറും രണ്ടാം സ്ഥാനം ശൈഖ് ഹമദ് ബിൻ നാസറും മൂന്നാം സ്ഥാനം ശൈഖ് മുഹമ്മദ് ബിൻ നാസറും നേടി. ദുബൈ റേസിങ് ക്ലബ് (ഡി.ആർ.സി) ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ദൽമൂഖ് ബിൻ ജുമാ അൽ മക്തൂം സമ്മാനങ്ങൾ നൽകി. മത്സരത്തിന്റെ സംഘാടക സമിതി ബഹ്റൈൻ റോയൽ ഇക്വസ്റ്റേറിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റുകൂടിയായ ശൈഖ് നാസറിനെ ആദരിച്ചു. ഓട്ടം സംഘടിപ്പിക്കുന്നതിൽ ഡി.ആർ.സി നടത്തിയ ശ്രമങ്ങളെ ശൈഖ് നാസർ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു