കുവൈത്ത് സിറ്റി: 29ാമത് ഖുറൈൻ കൾചറൽ ഫെസ്റ്റിവൽ ഫെബ്രുവരി 11 മുതൽ 22 വരെ ശൈഖ് ജാബിർ അൽ അഹമ്മദ് കൾചറൽ സെന്ററിൽ നടക്കും. ഉദ്ഘാടനച്ചടങ്ങിൽ വിവിധ പുരസ്കാര ജേതാക്കളെ ആദരിക്കുമെന്ന് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഐഷ അൽ മഹ്മൂദ് പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ വർഷം മുഴുവനും തുടരും. പ്രശസ്ത കുവൈത്ത് കവിയും എൻ.സി.സി.എ.എൽ സഹസ്ഥാപകനുമായ ഡോ. ഖലീഫ അൽ വോഖാനെ ഈ വർഷത്തെ ഫെസ്റ്റിവലിന്റെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. അറബ്, കുവൈത്ത് സാംസ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ആദരവ്. മഹാകവി അബ്ദുൽ അസീസ് സൗദ് അൽ ബാബ്റ്റൈന്റെ പേരാണ് ഈ വർഷത്തെ പതിപ്പിന് നൽകിയിരിക്കുന്നത്.
സിമ്പോസിയം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള സംസ്കാരങ്ങളും കലകളും ഉൾക്കൊള്ളുന്ന 30 ഓളം പ്രവർത്തനങ്ങൾ ഈ വർഷത്തെ മേളയുടെ അജണ്ടയിൽ ഉൾപ്പെടുന്നു. അഞ്ച് പതിറ്റാണ്ടിലെ എൻ.സി.സി.എ.എൽ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ‘സെലിബ്രേഷൻ ഓഫ് 50 ഇയേഴ്സ്’ എന്ന പ്രമേയത്തിൽ ദ്വിദിന സംവേദനാത്മക ഷോയും ഫെസ്റ്റിവലിന്റെ ഭാഗമാണ്. തെരുവുകളും പൊതു സൗകര്യങ്ങളും മനോഹരമായ പെയിന്റിങ്ങുകൾ കൊണ്ട് അലങ്കരിക്കാൻ ലക്ഷ്യമിട്ടുള്ള ‘മൂന്നാം ആർട്ട് – മ്യൂറൽ പ്രോജക്ട്’ ഫെസ്റ്റിവലിൽ ആരംഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു