കുവൈത്ത് സിറ്റി: നാട്ടിൽ പോയി വരുന്നവർ മറ്റുള്ളവർ നൽകുന്ന പാർസലുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. നിരോധിത വസ്തുക്കൾ അവയിൽ അടങ്ങിയിട്ടുണ്ടെങ്കിൽ പണികിട്ടുന്നത് ഒന്നുമറിയാത്തവർക്കാകും. കഴിഞ്ഞ ദിവസം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി സ്വദേശിക്ക് സുഹൃത്ത് ഇറച്ചിയെന്നുപറഞ്ഞ് ഒരു പെട്ടി കൈമാറി. കുവൈത്തിലെ മറ്റൊരു സുഹൃത്തിനെന്നാണ് പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ പെട്ടിയിലെ വസ്തുക്കൾ മാറ്റി പാക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ചതി മനസ്സിലായത്. വിശദ പരിശോധനയിൽ പാക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയും പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.
പാക്കറ്റ് അഴിച്ചുനോക്കിയില്ലായിരുന്നെങ്കിൽ വൻ അപകടം സംഭവിക്കുമായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയാൽ യാത്ര മുടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്യും. കുവൈത്തിൽ ലഹരികടത്ത് വലിയ കുറ്റമായാണ് കണക്കാക്കുന്നത്. രാജ്യത്ത് ലഹരികടത്തിനെതിരെ ശക്തമായ പരിശോധന നടന്നുവരുകയാണ്. പിടിയിലാകുന്നവർക്ക് കനത്ത ശിക്ഷയും ഉറപ്പാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു