അബുദാബി ∙ തലസ്ഥാന നഗരിക്കു ശുദ്ധവായു ഉറപ്പാക്കാൻ അബുദാബി ഹുദൈരിയാത്ത് ദ്വീപിൽ എയർ പ്യൂരിഫിക്കേഷൻ ടവർ (സ്മോഗ് ഫ്രീ ടവർ) സ്ഥാപിച്ചു. മേഖലയിലെ ആദ്യത്തെ സ്മോഗ് ഫ്രീ ടവറാണിത്. പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.
അബുദാബി എമിറേറ്റിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിച്ചതിനെ തുടർന്നാണ് പരീക്ഷണാർഥം ടവർ സ്ഥാപിച്ചതെന്നു പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) വൈസ് ചെയർമാനും ഇഎഡി എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി പറഞ്ഞു. പദ്ധതി വിജയകരമായാൽ ഭാവിയിൽ അബുദാബിയിലെ മറ്റു പ്രദേശങ്ങളിലേക്കും സ്മോഗ് ഫ്രീ ടവറുകൾ വ്യാപിപ്പിക്കുമെന്നും പറഞ്ഞു.
മണിക്കൂറിൽ 30,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ള 7 മീറ്റർ ഉയരമുള്ള ടവർ ആണ് സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളിലൂടെ പുകരഹിത വായു ഉൽപാദിപ്പിക്കുന്നതോടെ ജനങ്ങൾക്ക് ശുദ്ധവായു അനുഭവിച്ചറിയാം. വ്യത്യസ്ത കായിക വിനോദങ്ങൾക്കും മറ്റുമായി ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന കേന്ദ്രമായതിനാലാണ് ടവർ സ്ഥാപിക്കാൻ ഹുദൈരിയാത്ത് ദ്വീപ് തിരഞ്ഞെടുത്തതെന്ന് ഇഎഡി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ ദാഹിരി പറഞ്ഞു. അതിനാൽ പൊടിയെക്കുറിച്ച് ആകുലതകളില്ലാതെ വിനോദങ്ങളിൽ ഏർപ്പെടാമെന്നും പറഞ്ഞു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും വന്യജീവികൾ, സമുദ്രജീവികൾ, പ്രകൃതി വിഭവങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനുമായി പരിസ്ഥിതി ഏജൻസിയും മൊഡോൺ പ്രോപ്പർട്ടീസും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്ന ഈ പദ്ധതി യുഎഇ നെറ്റ് സീറോ 2050യുടെ ലക്ഷ്യങ്ങൾക്കും കരുത്തുപകരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു