കൊച്ചി: ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട്സ് രംഗത്ത് വിപ്ലവകരമായ കുതിപ്പ് അടയാളപ്പെടുത്താനൊരുങ്ങുന്ന സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിന്റെ അഹമ്മദാബാദ് റേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ഫെബ്രുവരി 11ന് അത്യാധുനിക മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയമായ ഇകെഎ അരീനയില്‍ ആണ് സൂപ്പര്‍ക്രോസ് റേസിങിന്റെ ആവേശകരമായ രണ്ടാം റേസ് നടക്കുന്നത്.
സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ്, ഗുജറാത്തിനെ അതിന്റെ പ്രധാന വേദികളിലൊന്നായി തിരഞ്ഞെടുത്തതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നും, ഇത് തങ്ങളുടെ പുരോഗമന സമീപനത്തിന്റെ തെളിവാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മികവ് പുലര്‍ത്തിയ മികച്ച കായിക താരങ്ങളെ സൃഷ്ടിക്കുന്നതിനുള്ള സമ്പന്നമായ പാരമ്പര്യം ഗുജറാത്തിനുണ്ട്, ഈ ലീഗ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്ത് ഗുജറാത്തിന്റെ പ്രശസ്തി കൂടുതല്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗുജറാത്തിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും മാര്‍ഗനിര്‍ദേശത്തിനും താന്‍ നന്ദിയുള്ളവനാണെന്ന് ലില്ലേറിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിയറ്റ് ഐഎസ്ആര്‍എല്‍ സഹസ്ഥാപകനുമായ വീര്‍ പട്ടേല്‍ പറഞ്ഞു. സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് റേസിങിനപ്പുറം, ഇന്ത്യയിലെ മോട്ടോര്‍ സ്പോര്‍ട്സിന്റെ ഘടനയെ തന്നെ പുനര്‍നിര്‍വചിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂനെയില്‍ നടന്ന ആദ്യ സീസണിന്റെ ഉദ്ഘാടന റേസ് വീക്ഷിക്കാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു. 450 സിസി ഇന്റര്‍നാഷണല്‍ റൈഡേഴ്സ് 250 സിസി ഇന്റര്‍നാഷണല്‍ റൈഡേഴ്സ്, 250 സിസി ഇന്ത്യ-ഏഷ്യ മിക്സ്, 85 സിസി ക്ലാസ് ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി അന്താരാഷ്ട്ര ചാമ്പ്യന്മാരുടെയും യുവ ഇന്ത്യന്‍ പ്രതിഭകളുടെയും ശ്രദ്ധേയമായ മത്സരങ്ങളാണ് റേസിങ് ലീഗില്‍ നടക്കുന്നത്. 6 ഫ്രാഞ്ചൈസി ടീമുകള്‍ക്കായി 48 റൈഡര്‍മാരാണ് മത്സര രംഗത്തുള്ളത്. ഫെഡറേഷന് ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് സിയറ്റ് ഐഎസ്ആര്‍എല്‍ സംഘടിപ്പിക്കുന്നത്. പൂനെ, അഹമ്മദാബാദ് നഗരങ്ങള്‍ക്ക് പുറമേ ഡല്‍ഹിയും ഐഎസ്ആര്എലിന് ആതിഥ്യം വഹിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക