ആത്മവിശ്വാസത്തോടെ ചിരിക്കാൻ പല ആളുകളും മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം പല്ലിന്റെ മഞ്ഞനിറം തന്നെയാണ്. എന്നാൽ ഇനി വിഷമിക്കേണ്ട, മഞ്ഞനിറമുള്ള പല്ലുകൾ വെണ്മയോടെ സൂക്ഷിക്കാൻ സഹായിക്കുന്ന പ്രതിവിധികൾ വീട്ടിൽ തന്നെയുണ്ട്
ഓയിൽ പുള്ളിംഗ്
പല്ലുകളിൽ അടിഞ്ഞുകൂടുന്ന കറയും നിറവ്യത്യാസവുമൊക്കെ അകറ്റാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണിത്.
അല്പം ശുദ്ധമായ വെളിച്ചെണ്ണ വായിൽ കൊണ്ട് കുലുക്കുഴിയാം. വെളിച്ചെണ്ണ അൽപനേരം വായിൽ വെച്ചതിന് ശേഷം മാത്രം കുലുക്കുഴിയുക. വെളിച്ചെണ്ണ വായുടെ എല്ലാ ഭാഗത്തും പല്ലുകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇത് പല്ലുകൾ വൃത്തിയാക്കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നു.
കുറഞ്ഞത് 10 – 15 മിനിറ്റ് എങ്കിലും വെളിച്ചെണ്ണ വായിൽ വെച്ചിട്ട് വേണം കുലുക്കുഴിയാൻ.
ബേക്കിംഗ് സോഡ
ടൂത്ത്പേസ്റ്റിന് പകരം ഒരു സ്പൂൺ ബേക്കിംഗ് സോഡ രണ്ട് സ്പൂൺ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഈ മിശ്രിതം കൊണ്ട് പല്ലുകൾ തേക്കുക. ഇത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്യാവുന്നതാണ്.
ബ്രഷിങ് & ഫ്ളോസിംഗ്
പല്ലുകൾക്ക് വെണ്മ നൽകാൻ എത്രയൊക്കെ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞാലും പല്ല് ബ്രഷ് ചെയ്യുന്നതിലും ഫ്ളോസ് ചെയ്യുന്നതിലും യാതൊരു വിട്ടുവീഴ്ചയും പാടില്ല. വായയിലെ ബാക്ടീരിയ വളർച്ച തടയുന്നതിനും പ്ലാക്ക് നീക്കം ചെയ്യുന്നതിനും ദന്താരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അടിസ്ഥാന കാര്യങ്ങളാണ് ബ്രഷിങ്, ഫ്ളോസിംഗ് എന്നിവ.
പല്ലുകൾക്ക് മഞ്ഞനിറം വരാതിരിക്കാൻ
ഒരു പ്രായം പിന്നിട്ടാൽ പല്ലുകളിൽ മഞ്ഞനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് വരുന്നത് തടയാൻ സഹായിക്കുന്ന പല മാർഗ്ഗങ്ങളും നമുക്ക് സ്വീകരിക്കാനാകും.
1. കാപ്പി, റെഡ് വൈൻ, കറുത്ത നിറമുള്ള ബെറി പഴങ്ങൾ എന്നിവയൊക്കെ പതിവായി കഴിക്കുന്നത് പല്ലുകൾക്ക് നിറവ്യത്യാസം ഉണ്ടാകാൻ കാരണമാകും. എന്ന് കരുതി ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. കഴിക്കുന്നതിന്റെ അളവ് പരിമിതപ്പെടുത്തുക.
2. കഫീൻ ചേർന്ന തണുത്ത പാനീയങ്ങൾ കുടിക്കുന്നുണ്ടെങ്കിൽ ഒരു സ്ട്രോ ഉപയോഗിക്കാവുന്നതാണ്. ഇത് പാനീയവുമായി പല്ലുകൾക്ക് നേരിട്ടുള്ള സമ്പർക്കം തടയും.
3. പല്ലുകൾക്ക് നിറവ്യത്യാസമുണ്ടാകാൻ സാധ്യതയുള്ള ഭക്ഷണപാനീയങ്ങൾ കഴിച്ച ശേഷം വായ വൃത്തിയാക്കാൻ മറക്കരുത്.
4. പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ പാടെ ഒഴിവാക്കുക. ഇത്തരം ശീലങ്ങൾ പല്ലുകളിൽ മഞ്ഞനിറം ഉണ്ടാകുന്നതിന് കാരണമാകും.
5.പഞ്ചസാര അമിതമായി ഉപയോഗിക്കുന്നതും പല്ലുകളിൽ മഞ്ഞ നിറം ഉണ്ടാക്കും. മധുരം കഴിച്ചതിന് ശേഷം ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് നന്നായിരിക്കും.
6. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക