മലപ്പുറം: വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ഐ.പി.എച്ച് പുസ്തകോത്സവത്തിന് മലപ്പുറം ടൗൺഹാളിൽ പ്രൗഢമായ തുടക്കം.രാവിലെ 10 മണി മുതൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും മേള സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങാനും എത്തി.
കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂളിലെ കുട്ടികളാണ് ആദ്യം മേളയിലെത്തിയത്. തങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ നല്ല ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാൻ കഴിഞ്ഞുവെന്ന് സ്കൂൾ വിദ്യാർഥിനി സൈനബും അവളുടെ കൂട്ടുകാരികളും പറഞ്ഞു. ഇതുപോലുള്ള മേളകൾ വിദ്യാർത്ഥികളിൽ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുമെന്ന് അതേ സ്കൂളിലെ കുട്ടിയായ വസീൻ അഭിപ്രായപ്പെട്ടു.പെരിന്തൽമണ്ണയിൽ നിന്നെത്തിയ മോഹനും പ്രതിശ്രുത വധു നീനയും മേളയെക്കുറിച്ച് സന്തോഷം രേഖപ്പെടുത്തി.
ഇത്ര വിപുലമായ ഒരു പുസ്തക പ്രദർശനം ആദ്യമായാണ് മലപ്പുറത്ത് നടക്കുന്നത്. നാല്പതിലധികം പ്രസാധകരുമായി സഹകരിച്ചാണ് ഐ.പി.എച്ച് ഈ മെഗാ മേള സംഘടിപ്പിച്ചിട്ടുള്ളത്. നാല് ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയും സാംസ്കാരിക സദസ്സുമാണ് നടക്കുന്നത്. പുസ്തക പ്രകാശനം, ചർച്ച, സംവാദം, പ്രഭാഷണം, ഇശൽ സന്ധ്യ, നാടകം, ക്വിസ് മൽസരം, കലാ സന്ധ്യ എന്നിവ മേളയോടനുബന്ധിച്ച് നടക്കും. മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക