ദുബായ് ∙ സിനിമാ മേഖലയിലെ സ്റ്റിൽ ഫൊട്ടോഗ്രഫർ എന്ന നിലയ്ക്കുള്ള കാൽ നൂറ്റാണ്ട് കാലത്തെ ഓർമകളെല്ലാം ഫൊട്ടോഗ്രഫർ ജെപി എന്ന ജയപ്രകാശ് പയ്യന്നൂർ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും അതിലുപരി മനസ്സിലാണ് ആ മധുരോർമകൾ മായാതെ പതിഞ്ഞിട്ടുള്ളതെന്ന് ഇപ്പോൾ ദുബായിൽ പ്രവർത്തിക്കുന്ന ജെപി പറയുന്നു. കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ താരം മാധവനെ ദുബായിലെ സ്വകാര്യ ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ കാൽനൂറ്റാണ്ട് മുൻപുള്ള ഓര്‍മച്ചിത്രങ്ങള്‍ കാണിക്കാൻ ജെപിക്ക് അവസരം ലഭിച്ചു.
മണിരത്നം സംവിധാനം ചെയ്ത പ്രണയകാവ്യം അലൈപായുതേയുടെ ചിത്രീകരണം 1999–2000 കാലഘട്ടത്തിൽ കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ നടന്നപ്പോൾ അന്ന് നാട്ടിൽ ഫൊട്ടോഗ്രഫറായിരുന്ന ജെപി എടുത്ത ചിത്രങ്ങളായിരുന്നു അവ. മാധവന്‍റെ സിനിമാ കരിയറിലെ ആരംഭകാലമായതിനാൽ, ആ ചിത്രങ്ങളിലേക്ക് കുറേ നേരം കണ്ണിമചിമ്മാതെ നോക്കിനിന്ന് നടൻ പറഞ്ഞു: എന്നെ ഓർമകളിലേക്ക് കൈപിടിച്ചുകൊണ്ടുപോയതിന് നന്ദി.
അലൈപായുതേയുടെ കേരളത്തിലെ ചിത്രീകരണത്തിന്‍റെ മേൽനോട്ടം വഹിച്ചിരുന്നത് പക്കാ പക്കാ റഫീഖായിരുന്നു. അരവിന്ദൻ കണ്ണൂരിന്‍റെ നിർദേശത്തിൽ ജെപി പക്കാ പക്കാ റഫീഖിനെ ചെന്ന് കാണുകയും അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം അന്നത്തെ ചിത്രീകരണത്തിന് വേണ്ട ആശുപത്രി ഉപകരണങ്ങളും കട്ടിലും കസേരകളുമെല്ലാം എത്തിച്ചു കൊടുത്തു. ഒരു മെഡിക്കൽ ക്യാംപായിരുന്നു അന്ന് ചിത്രീകരിച്ചത്. അവിടുത്തെ ഡോക്ടറായ ശാലിനിയെ കാണാൻ മാധവൻ എത്തുന്നതായിരുന്നു രംഗങ്ങൾ. അന്ന് അടഞ്ഞുകിടന്നിരുന്ന പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ നിന്ന് അധികൃതരുടെ അനുവാദത്തോടെ സാധനങ്ങൾ എത്തിച്ചുകൊടുത്തതോടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും ജെപി അവിടെ തന്നെ നിന്ന് തന്‍റെ പഴയ ക്യാമറയിൽ ചില ചിത്രങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു.
പിന്നീടെന്നെങ്കിലും മാധവനെയോ മറ്റോ ഈ ചിത്രങ്ങൾ കാണിക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം അതിനുള്ള ഭാഗ്യം ലഭിച്ചു. ആ ചിത്രങ്ങൾ മാധവനിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ സമ്മാനിച്ചു. തന്‍റെ സുഹൃത്തുക്കളുടേയും മറ്റും മാഡിയോടൊത്തുള്ള ചിത്രങ്ങൾ ക്യാമറയിലാക്കിയെങ്കിലും ജെപിക്ക് അദ്ദേഹത്തിന്‍റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചില്ല. അതാണ് ഒരു ഫൊട്ടോഗ്രാഫറുടെ വിധി എന്ന് പറഞ്ഞ് ചിരിക്കാനേ ഇപ്പോൾ കഴിയൂ.
ഇതുപോലെ അടുത്തിടെ ദുബായിലെത്തിയ നടൻ ബാലചന്ദ്രമേനോനെ പഴയ ചിത്രങ്ങൾ കാണിക്കാനുള്ള അവസരം ലഭിച്ചു. കമൽ സംവിധാനം ചെയ്ത നമ്മൾ, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനിലെ ചിത്രങ്ങൾ കൗതുകത്തോടെ നോക്കിനിന്ന് ബാലചന്ദ്രമേനോനും ഓർമകളിലേക്ക് ഊളിയിട്ടു. ഇതിനകം എഴുപതോളം സിനിമകൾക്ക് വേണ്ടിയും മനോരമ ആഴ്ചപ്പതിപ്പ് അടക്കമുള്ള ആനുകാലികങ്ങൾക്കും ചിത്രങ്ങൾ പകർത്തിയിട്ടുള്ള ജെപി മനോരമ ഓൺലൈനുമായി ഓർമകൾ പങ്കിടുന്നു:
∙ പയ്യന്നൂർ ബസ് സ്റ്റാൻഡിലെ നാരങ്ങാ സർബത്ത്; ഗോവയിൽ ചിപ്സ് ബോയി
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ജയപ്രകാശ് പയ്യന്നൂർ തിരക്കേറിയ സ്റ്റിൽ ഫൊട്ടോഗ്രാഫറാകുന്നതിന് മുൻപ് സംഭവ ബഹുലമായ ജീവിതത്തിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നാരങ്ങാ കച്ചവടവും പിതാവിന്‍റെ ചിട്ടിക്കമ്പനിയും നടത്തിയ ശേഷം ഗോവയിലെത്തി ബനാനാ ചിപ്സ് ഉണ്ടാക്കി വിൽക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നപ്പോഴേ ഫൊട്ടോഗ്രഫിയോട് തത്പരനായിരുന്ന ജെപി തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുടെ ബന്ധുവായ ഫ്രീലാൻസ് ജേണലിസ്റ്റ് കൃഷ്ണദാസ് പലേരിക്ക് വേണ്ടി പടങ്ങളെടുക്കാൻ പോകുമായിരുന്നു. ഓട്ടോ ഫോക്കസ് ക്യാമറയായിരുന്നു അന്നത്തെ ആയുധം. പിന്നീട്, പയ്യന്നൂരിലെ അറിയപ്പെടുന്ന ശങ്കർ സ്റ്റുഡിയോയുടെ നാരായണേട്ടന്‍റെ കീഴിലും പ്രവർത്തിച്ചു. 1992-ൽ 8250 രൂപ നൽകി ദുബായിലുണ്ടായിരുന്ന ബന്ധു മണിയെക്കൊണ്ട് യാഷിക എഫ് എക്സ്3 2000 സൂപ്പർ ക്യാമറ സ്വന്തമാക്കി. പിന്നെ അതുപയോഗിച്ചായിരുന്നു പ്രവർത്തനം. കൃഷ്ണദാസിന് സിനിമാ തിരക്കഥയെഴുതണമെന്നതായിരുന്നു ആഗ്രഹമെങ്കിൽ ജെപിക്ക് അഭിനയമോഹമായിരുന്നു അന്ന്. അഭിനേതാക്കളെ ആവശ്യമുണ്ടെന്നുള്ള പരസ്യങ്ങൾ കണ്ടാൽ ഉടൻ തന്‍റെ ഫോട്ടോകൾ അയച്ചുകൊടുത്ത് വിളിക്കായി കാത്തിരിക്കും. നിരാശയായിരുന്നു ഫലമെങ്കിലും ഒടുവിൽ എത്തപ്പെട്ടത് ഇഷ്ടമേഖലയിൽ തന്നെ.
∙ മസാല ദോശ ഗുരുദക്ഷിണ നൽകി ഔപചാരിക ക്ലിക്ക്
ലോകത്ത് ആദ്യമായിട്ടായിരിക്കാം ഒരാൾ മസാല ദോശ ഗുരുദക്ഷിണ നല്‍കുന്നത്!. കഴിഞ്ഞ 22 വർഷമായി അബുദാബി സായിദ് യൂണിവേഴ്സിറ്റിയിൽ ഫൊട്ടോഗ്രഫറായ കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റഹ്മാനായിരുന്നു ഫൊട്ടോഗ്രാഫിയിലെ ഗുരു. ക്യാമറ മുഴുവൻ അഴിച്ചിട്ട് സ്വയം കൂട്ടിയെടുക്കാൻ കഴിയും വിധം വിദഗ്ധനായിരുന്നു അദ്ദേഹം. ക്യാമറയുടെ അടിസ്ഥാന പാഠങ്ങൾ ഒന്നര മണിക്കൂർ കൊണ്ട് പഠിപ്പിച്ചതിന് ഗുരുദക്ഷിണ നൽകിയത് പയ്യന്നൂരിലെ പ്രശസ്തമായ കൂൾലാൻഡ് റസ്റ്ററന്‍റിലെ മസാലദേശയും. ഗുരു വളരെ ഹാപ്പിയായതായി ജെപി ഓർക്കുന്നു.
തുടർന്ന് നാട്ടിലെ വിവാഹചടങ്ങളുടെയെല്ലാം പ്രധാന ഫൊട്ടോഗ്രഫറായി തിരക്കോട് തിരക്ക്. എങ്കിലും പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്സാണ് കരിയർ ഉറപ്പിക്കാമെന്ന ആത്മവിശ്വാസം നൽകിയത്. അവരുടെ എല്ലാ പരിപാടികളുടെയും ഫൊട്ടോഗ്രഫർ ജെപിയായിരുന്നു.
∙ആദ്യം സീരിയൽ പിന്നെ സിനിമ
ചില നടന്മാരെ പോലെ സീരിയലിൽ നിന്നാണ് ജെപിയും സിനിമയിലെത്തിയത്. പലരും മുഖം കാണിക്കാനെത്തുമ്പോൾ ഇദ്ദേഹത്തിന്‍റെ നിയോഗം മുഖം പകർത്താനെന്ന വ്യത്യാസമേയുള്ളൂ. പി.എൻ മേനോൻ സംവിധാനം ചെയ്ത അയ്യപ്പൻ എന്ന സീരിയലിന് വേണ്ടിയാണ് ആദ്യം സ്റ്റിൽ ഫൊട്ടോഗ്രഫറായത്. ഇന്നത്തെ യുവ സംവിധായകനും നടനുമായ വിനീത് കുമാറിന്‍റെ പിതാവ് കരുണാകരൻ അന്ന് കണ്ണൂർ പഴയങ്ങാടിയിൽ അനുരാഗ് എന്ന പേരിൽ സ്റ്റുഡിയോ നടത്തിയിരുന്നു. അയ്യപ്പനിലേക്ക് ഓഡിഷന് വേണ്ടി വിനീത് കുമാറിന്‍റെ ചിത്രം അയച്ചു കൊടുക്കാൻ അദ്ദേഹം ഫൊട്ടോയെടുക്കാൻ ചുമതലപ്പെടുത്തിയത് ജെപിയേയും. ആ ചിത്രങ്ങൾ കണ്ട് ഇഷ്ടമായ പി.എൻ മേനോൻ ജെപിയെ സീരിയലിന്‍റെ സ്റ്റിൽ ഫൊട്ടോഗ്രഫറായി നിയമിക്കുകയായിരുന്നു.
ദിവസം 300 രൂപ നിരക്കിലായിരുന്നു 55 ദിവസം ജോലി ചെയ്തത്. അയ്യപ്പന്‍റെ ചിത്രീകരണം നടക്കുന്ന ഒറ്റപ്പാലത്ത് തന്നെയായിരുന്നു മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങും. ഒഴിവു വേളകളിൽ അത് കാണാൻ ചെന്ന് ‘ലാലേട്ടനെ’യൊക്കെ പുറത്ത് നിന്ന് നോക്കിനിൽക്കും. അവിടെ വേലപ്പൻ എന്ന ആർട് ഡയറക്ടറെ പരിചയപ്പെട്ടു. നരസിംഹത്തിന്‍റെ ചിത്രങ്ങൾ പകർത്തിയിരുന്ന പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രഫർ സുനിൽ ഗുരുവായൂരിനെ വേലപ്പൻ ചേട്ടൻ പരിചയപ്പെടുത്തി. തുടർന്ന് മാധ്യമപ്രവർത്തകൻ ആർ.പരമേശ്വരൻ നരസിംഹത്തിന്‍റെ വാർത്ത കൊടുക്കാൻ കുറച്ച് ചിത്രങ്ങളെടുത്ത് തരണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നൽകി.
ചിത്രത്തിലെ ധാംകണക്ക ധില്ലം ധില്ലം എന്ന് തുടങ്ങുന്ന ഹിറ്റ് പാട്ടിന്‍റെ ചിത്രീകരണമായിരുന്നു ആദ്യം പകർത്തിയത്. അവിടെ വച്ച് സുനിൽ ഗുരുവായൂരിന്‍റെ സഹായിയായി കുറച്ച് നേരം നിന്നു. പോകാൻ നേരം എന്തെങ്കിലും വർക് ഉണ്ടെങ്കിൽ വിളിക്കണേ എന്ന് പറഞ്ഞ് അദ്ദേഹത്തിന് വിസിറ്റിങ് കാർഡ് നൽകി. പിന്നീട് സിഡിറ്റിന് വേണ്ടി പി.ടി.രാമകൃഷ്ണൻ ഒരുക്കിയ തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിക്ക് വേണ്ടി പ്രവർത്തിച്ചു. പ്രശസ്ത ക്യാമറാമാൻ കെ.യു.മോഹനൻ, രാജീവ് രവി തുടങ്ങിയവരായിരുന്നു അന്ന് പി.ടി.രാമകൃഷ്ണന് വേണ്ടി ക്യാമറ ചലിപ്പിച്ചിരുന്നത്. അവരുടെ കൂടെയും പ്രവർത്തിച്ചു.
നരസിംഹത്തിന്‍റെ രണ്ടാമത്തെ ഷെഡ്യൂളിന് സുനിൽ ഗുരുവായൂരിന് മറ്റെന്തോ തിരക്കായിരുന്നതിനാൽ സ്റ്റിൽ എടുക്കാൻ അവസരം ലഭിച്ചു. മോഹൻലാൽ എൻ.എഫ് വർഗീസിന്‍റെ വീട്ടിലേക്ക് വരുന്നത്, വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നത്, തീയിൽ നടക്കുന്നത് എന്നിവയെല്ലാം പകർത്തി. ആ ചിത്രങ്ങൾ പിന്നീട് സുനിലേട്ടൻ ലൊക്കേഷനിൽ മോഹൻലാലിനെ കാണിച്ചു. അദ്ദേഹത്തിന് അത് ഏറെ ഇഷ്ടമായത് ആത്മധൈര്യം നൽകി. ചിത്രത്തിന്‍റെ പോസ്റ്ററായി വന്ന കുറേ ചിത്രങ്ങൾ പകർത്താനുള്ള ഭാഗ്യവും ലഭിച്ചു. തുടർന്ന് വല്യേട്ടൻ, മഴത്തുള്ളിക്കിലുക്കം, പറക്കും തളിക, സായ്വർ തിരുമേനി, ആകാശപ്പറവകൾ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു.ഫൊട്ടോഗ്രഫർ അജിത് വി.ശങ്കറിന്‍റെ കൂടെയും നിന്നിട്ടുണ്ട്. ഇതോടൊപ്പം പയ്യന്നൂരിലെ കച്ചവടവും തുടർന്നിരുന്നു.
∙ടി.എ.റസാഖ് വഴി ആയിരത്തിലൊരുവനിലേയ്ക്ക്
2002ൽ ടി.എ.റസാഖിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി സ്വതന്ത്ര സ്റ്റിൽ ഫൊട്ടോഗ്രഫറായത്. ടി.എ.റസാഖായിരുന്നു അതിന് വഴിയൊരുക്കിയത്. പക്ഷേ, ചിത്രീകരണം തുടങ്ങാനായപ്പോൾ നിർമാതാവ് മാറുകയും മറ്റൊരു ഫൊട്ടോഗ്രഫറായ മോമി എന്ന എം.കെ.മോഹനന് ചുമതല ലഭിക്കുകയും ചെയ്തു. ഇതോടെ നിരാശനായിരുന്ന തന്നെ ടി.എ.റസാഖ് ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് അവിടെയുണ്ടായിരുന്ന സിബി മലയിലിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന് പക്ഷേ സമാധാനിപ്പിക്കാനേ കഴിഞ്ഞുള്ളൂ. ഒടുവിൽ പുതിയ ആളിന് അവസരം നൽകൂ എന്ന് പറഞ്ഞ് മോമി സ്വയം പിന്മാറുകയും ജെപി രംഗപ്രവേശം ചെയ്യുകയുമായിരുന്നു. തുടർന്ന് തിലകം, നമ്മൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. കമലിന്‍റെയും(15 ചിത്രങ്ങൾ) സത്യൻ അന്തിക്കാടിന്‍റെയും ചിത്രങ്ങൾക്ക് വേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചത്. ജോണി ആന്‍റണി, റാഫി മെക്കാർട്ടിൻ, ഷാഫി, ജോയ് തോമസ് തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു
∙ഗദ്ദാമയ്ക്ക് വേണ്ടി യുഎഇയിലെത്തി; വിട്ടുപോകാൻ തോന്നിയില്ല
2010ൽ കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രത്തിന്‍റെ സ്റ്റിൽ ഫൊട്ടോഗ്രഫറായാണ് ജെപി യുഎഇയിലെത്തിയത്. നെഗറ്റീവിൽ നിന്ന് ഫോട്ടോ ഡിജിറ്റലിലേയ്ക്ക് മാറി വന്ന കാലമായിരുന്നു അത്. ജോലി കഴിഞ്ഞെങ്കിലും രാജ്യം വളരെ ആകർഷിച്ചതിനാൽ വിട്ടുപോകാന്‍ തോന്നിയില്ല. ഒടുവിൽ ദുബായ് കേന്ദ്രീകരിച്ച് ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി പ്രവർത്തനം തുടങ്ങി. ഇതിനിടയ്ക്ക് യുഎഇയിൽ ചിത്രീകരിച്ച പത്തേമാരി, ടെയ്ക് ഓഫ് തുടങ്ങിയ മിക്ക സിനിമകൾക്ക് വേണ്ടിയും ചിത്രങ്ങളെടുത്തു. ഏറ്റവുമൊടുവിൽ ചെയ്ത് ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവൂ. താൻ പ്രവർത്തിച്ച സിനിമകളിൽ മിക്കതിന്‍റെയും ചിത്രങ്ങളുടെ നെഗറ്റീവുകൾ ജെപി ഇന്നും നിധിപോലെ സൂക്ഷിക്കുന്നു.. ഭാര്യ ഹൈമവതി, മക്കളായ ശ്രീലക്ഷ്മി പ്രകാശ്, ഋഷികേശ് പ്രകാശ് എന്നിവരുടെ പിന്തുണ ഇതിനെല്ലാം എപ്പോഴുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു