യാംബു: കഴിഞ്ഞ 21 വർഷത്തിനിടയിൽ സൗദിയിൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസമാണെന്ന് റിപ്പോർട്ട്. 2003 മുതൽ 2023 വരെയുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം അത്ഭുതപ്പെടുത്തുന്ന മാറ്റമാണുണ്ടായത്. പൊടിക്കാറ്റ് തീരെ വീശിയില്ല എന്നുതന്നെ പറയാം. ഹരിതവത്കരണത്തിലൂടെ പ്രതികൂല കാലാവസ്ഥയുടെ പ്രത്യാഘാതങ്ങൾ കുറക്കാൻ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഫലമാണ് ഇതെന്നാണ് നിഗമനം. പരിസ്ഥിതി ജലം കൃഷി മന്ത്രാലയത്തിെൻറ പ്രവർത്തനങ്ങളാണ് ഇതിന് സഹായം ചെയ്തത്. പൊടിക്കാറ്റിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. റിയാദ് പ്രവിശ്യയിൽ മണൽ ചുഴലിക്കാറ്റിന്റെ കാര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 100 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ദമ്മാം പ്രവിശ്യയിലും പാരിസ്ഥിതിക പ്രതിഭാസങ്ങളിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വാദി അൽദവാസിർ, അൽ അഹ്സ എന്നീ മേഖലകളിൽ പൊടിക്കാറ്റിൽ യഥാക്രമം 81ഉം 83ഉം ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഈ ജനുവരിയിൽ രാജ്യത്തെ മിക്ക മേഖലകളിലും പൊടിക്കാറ്റിൽ അഭൂതപൂർവമായ കുറവാണ് രേഖപ്പെടുത്തിയതെന്ന് പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം റിയാദ് നഗരത്തിൽ 12 ദിവസങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് 71 ശതമാനം കുറവായിരുന്നു.
വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റ് പരിധിയിൽ ഇതേ കാലയളവിൽ 10 ദിവസമാണ് പൊടിക്കാറ്റ് ഉണ്ടായത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 78 ശതമാനം കുറവാണ്. അൽജൗഫ് മേഖലയിൽ 14 ദിവസം പൊടിക്കാറ്റ് വീശി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 59 ശതമാനം കുറവാണ്. പരിസ്ഥിതി ജലം കൃഷി മന്ത്രാലയവും സൗദി ഗ്രീൻ ഇനിഷ്യേറ്റീവും നടത്തുന്ന വിവിധ ശ്രമങ്ങൾ പൊടിക്കാറ്റിനെയും മണൽ ചുഴലിക്കാറ്റിനെയും ചെറുക്കുന്നതിനും സുസ്ഥിര പരിസ്ഥിതിക്ക് അവയുടെ ഫലങ്ങൾ കുറക്കുന്നതിനും ഫലം ചെയ്തു.
വനവത്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് മേഖലയിലുടനീളം പതിനായിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചത് പൊടിക്കാറ്റ് കുറക്കുന്നതിനും ഭൂമിയെ തകർച്ചയുടെ പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് സുരക്ഷ ഒരുക്കാൻ സഹായകമായതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു