ബിജു പ്രഭാകര്‍ തെറിക്കും: കെഎസ്ആര്‍ടിസിക്ക് പുതിയ എംഡി

വീണ്ടും കെ.എസ്.ആര്‍.ടി.സിയില്‍ എംഡി. മാറ്റം. ബിജു പ്രഭാകറിനെ തെറിപ്പിച്ച് പകരം ജോയിന്റ് എംഡി പ്രമോജ് ശങ്കറിന് പൂര്‍ണ്ണ ചുമതല കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലുകള്‍ കെ.എസ്.ആര്‍ടിസിയില്‍ ശക്തമായതോടെയാണ് എംഡി ബിജു പ്രഭാകറിന് നില്‍ക്കക്കള്ളിയില്ലാതായത്. ഇതോടെ എംഡി സ്ഥാനത്തു നിന്നു തന്നെ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കുകയും ചെയ്തു. എന്നാല്‍, രണ്ടാഴ്ചക്കു മുമ്പ് തന്നെ ഗണേഷ്‌കുമാര്‍ ബിജു പ്രഭാകറിനെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ നോട്ട് വെച്ചിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയിരുന്നില്ല. മുഖ്യമന്ത്രി ഡെല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഉടന്‍ ഇരുവരുടെയും പ്രശ്‌നത്തില്‍ ഇടപെടുമെന്നാണ് അറിയുന്നത്. വകുപ്പു മന്ത്രിയെയും വകുപ്പ് എംഡിയെയും മുഖ്യമന്ത്രി കോംപ്രമൈസ് ചര്‍ച്ചയ്ക്ക് വിളിക്കും. 

ഇതിലും ഇരുവരും നേരെ പോയില്ലെങ്കില്‍ ബിജുപ്രാഭാകറെ കെ.എസ്.ആര്‍.ടിസി സിഎംഡി സ്ഥാനത്തു നിന്നും മാറ്റും. പകരം ജോയിന്റ് എംഡി പി.എസ് പ്രമോജ് ശങ്കറിനെ സിഎംഡിയായി നിയമിക്കും. ഗണേശ്കുമാര്‍ മന്ത്രി സ്ഥാനമേറ്റതോടെ കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ ഒരോന്നായി പുറത്തു വരികയാണ്. മാനേജ്‌മെന്റ് എടുത്ത പല നടപടികളിലുള്ള വിയോജിപ്പും മന്ത്രി പരസ്യമായി പറഞ്ഞിരുന്നു. ഇതോടെയാണ് മാനേജ്‌മെന്റും മന്ത്രിയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നത്. മന്ത്രിയുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. കെഎസ്ആര്‍ടിസി എംഡി സ്ഥാനം മാത്രമല്ല, ഗതാഗത സെക്രട്ടറി സ്ഥാനവും ഒഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ കാര്യത്തില്‍ ഗണേഷ് കുമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെയും മറ്റു മന്ത്രിമാരെയും ഞെട്ടിച്ചിരുന്നു. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഈ തുറന്നുപറച്ചിലാണ് ഭിന്നത രൂക്ഷമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന നിലപാടാണ് ബിജു പ്രഭാകറിന്റേത്. അതിന്റെ ഭാഗമായാണ് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതും. വളരെ മുന്നൊരുക്കത്തോടെ ആരംഭിച്ച ഇലക്ട്രിക് സര്‍വീസുകള്‍ ജനങ്ങളുടെ ഇടയില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരേയാണ് ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്. 

എന്നാല്‍ ഇലക്ട്രിക് വണ്ടികള്‍ ലാഭകരമല്ലെന്ന മന്ത്രിയുടെ പരാമര്‍ശവും ഡീസല്‍ ബസുകള്‍ വാങ്ങാന്‍ ഇത്തവണ ബജറ്റില്‍ പണം വകയിരുത്തിയതും ബിജു പ്രഭാകറിനെ ചൊടിപ്പിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന ബിജു പ്രഭാകര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് തന്നെ എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി ഓഫീസില്‍ പോവുകയോ ഫയലുകള്‍ നോക്കുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിലും ഇടപെടല്‍ നടത്താന്‍ തയ്യാറായില്ല. 

മുന്‍മന്ത്രി ആന്റണി രാജു എല്ലാ സ്വാതന്ത്ര്യവും ബിജു പ്രഭാകറിന് നല്‍കിയിരുന്നു. ഇലക്ട്രിക് ബസ്, ടിക്കറ്റ് ടെല്ലര്‍ മെഷീന്‍, പെട്രോള്‍ പമ്പ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ബിജു പ്രഭാകറിന്റെ മുന്‍കൈയ്യില്‍ എടുത്ത പദ്ധതികളാണ്. എന്നാല്‍, വരുമാനം കൂടിയിട്ടും കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്തതോടെ ബിജുപ്രഭാകറിനെ ജീവനക്കാരുടെ സംഘടനകളും തഴഞ്ഞിരിക്കുകയാണ്. ബിജു പ്രഭാകര്‍ സ്വയം പോയില്ലെങ്കില്‍ ഓടിക്കുമെന്നാണ് സംഘടനകള്‍ പറുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക