ആലപ്പുഴ: ശുചിത്വം, ആരോഗ്യം, കുടുംബശ്രീ, അതിദരിദ്രര്‍ക്കുള്ള ഭവന നിര്‍മാണം, ഭിന്നശേഷിക്ഷേമം, വനിത-ശിശു ആരോഗ്യം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്കി 2024-25 വര്‍ഷത്തെ ആലപ്പുഴ ജില്ല പഞ്ചായത്ത് ബജറ്റ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദാണ് സമൃദ്ധി എന്നു പേരോടെ ബജറ്റ് അവതരിപ്പിച്ചത്. ആകെ 115,09,92,208 രൂപ വരവും 114,58,34,006 രൂപ ചെലവും 51,58,202 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണു അവതരിപ്പിച്ചത്.
ശുചിത്വ മേഖലയിലെ പ്രധാന പദ്ധതികള്‍ക്കായി 7.6 കോടി രൂപയാണ് വകയിരുത്തിയത്. ആരോഗ്യ രംഗത്തെ പ്രധാന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 8.26 കോടി രൂപയും ബജറ്റില്‍ വകയിരുത്തുയിട്ടുണ്ട്. ഭരണസമിതിയുടെ നാലാമത്തെ ബജറ്റാണ് അവതരിപ്പിച്ചത്. പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിന് 5.75 കോടി രൂപ, കാര്‍ഷികമേഖലയിലെ ശ്രദ്ധ പതിപ്പിക്കേണ്ട പദ്ധതികള്‍ക്ക് 2.85 കോടി രൂപ, ദാരിദ്ര ലഘൂകരണത്തിന് 1.08 കോടി, മത്സ്യബന്ധ മേഖലയിലെ പ്രധാന പദ്ധതികള്‍ക്ക് 1.05 കോടി രൂപ എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഈ ബജറ്റില്‍ ക്ഷീരവികസന മേഖലയില്‍ പാല് സബ്സിഡി നല്‍കുന്നതിന് 50 ലക്ഷം രൂപ, ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 40 ലക്ഷം രൂപ, എം.ജി.എന്‍.ആര്.ഇ.ജി.എസ്. സംയോജിപ്പിച്ച് തീറ്റപ്പുല്‍ കൃഷി വ്യാപനത്തിന് പത്തുലക്ഷം രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ട്.
പൊതുജലാശയങ്ങള്‍ ആഴം കൂട്ടി സംരക്ഷിക്കുന്നതിനായി ഒരു കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രിയുടെ മാലിന്യ സംസ്കരണത്തിന് 15 ലക്ഷം രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയുടെ ബയോമെഡിക്കല്‍ മാലിന്യ നിര്‍മാണത്തിന് 10 ലക്ഷം രൂപ, ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയുടെ ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് എട്ട് ലക്ഷം രൂപ, ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ പ്രോജക്ട് വിഹിതമായി 20 ലക്ഷം രൂപ, 2023-24 വര്‍ഷ പദ്ധതികള്‍ക്കായി 2.34 കോടി രൂപ, കുടിവെള്ളവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപ എന്നിങ്ങനെ മാറ്റിവെച്ചിട്ടുണ്ട്. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആര്.ഒ. പ്ലാന്റ് സ്ഥാപിക്കുന്നതിന് 73.46 ലക്ഷം രൂപയും ബജറ്റിലുണ്ട്.
സാന്ത്വന ചികിത്സ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ചെങ്ങന്നൂര്‍ ജില്ല ആശുപത്രി സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന് 85 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഓര്‍ത്തോപീഡിക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപ ലാപ്രോസ്കോപ്പി മെഷീനായി 25 ലക്ഷം രൂപയും ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. മാവേലിക്കര ജില്ല ആശുപത്രി സെക്കന്‍ഡറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മരുന്ന് ഉപകരണങ്ങളും വാങ്ങുന്നതിനും സമഗ്ര പാലിയേറ്റീവ് ഗ്രാമപഞ്ചായത്ത് വിഹിതമായും മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ ബോധവല്ക്കരണത്തിനായും സമഗ്ര പാലിയേറ്റ് ട്രെയിനിങ്ങിനായും തുക മാറ്റിവെച്ചിട്ടുണ്ട്. അര്‍ബുദ ചികിത്സ കേന്ദ്രത്തിലേക്ക് മരുന്നുകള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപ, ഡയാലിസിസ് യൂണിറ്റിനായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് മാറ്റിവെച്ചിട്ടുണ്ട്.
ജില്ല ആയുര്‍വേദ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് 80 ലക്ഷം രൂപ, ആര്‍ദ്രം പദ്ധതി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, മാവേലിക്കര ജില്ലാ ആശുപത്രി സ്ത്രീ രോഗ വിഭാഗം വനിതാ ശിശു സൗഹൃദമാക്കുന്നതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയും ബജറ്റിലുണ്ട്.
മുന്‍കാല ബജറ്റുകളില്‍ പറഞ്ഞിട്ടുള്ള 95 ശതമാനം കാര്യങ്ങളും നടപ്പിലാക്കാനായതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, ബിനു ഐസക് രാജു, ജില്ല പഞ്ചായത്തംഗം കെ.ജി. സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണ യോഗത്തില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക