ഇസ്ലാമാബാദ്: പാകിസ്താനിൽ വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ്. പാർലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ്.അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് വിദേശത്ത് പ്രവാസത്തിൽ കഴിഞ്ഞ പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം.
നവാസ് ശരീഫിന് സൈന്യത്തിെന്റ പിന്തുണയുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു. മൂന്ന് വ്യത്യസ്ത കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ മത്സര രംഗത്തില്ല.കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് പാകിസ്താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പണപ്പെരുപ്പം 30 ശതമാനത്തോളമാണ്. രണ്ട് വർഷത്തിനിടെ കറൻസിയുടെ മൂല്യം പകുതിയായി കുറഞ്ഞു.
Read also: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
13 കോടി വോട്ടർമാരാണ് 16ാമത് പാർലമെന്റിലേക്കുള്ള 266 എം.പിമാരെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 4806 പേർ പുരുഷൻമാരും 312 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗത്തിൽപ്പെട്ടവരുമാണ്.
90,582 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 2018ൽ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീളും. പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകൾ. മുൻപ്രധാനമന്ത്രി ഇംറാൻ ഖാെന്റ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിക്ക് ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ, സ്വതന്ത്രരായാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ