ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ഡൽഹിയിൽ കർണാടകയുടെ പ്രതിഷേധം. ബുധനാഴ്ച ജന്തർമന്തറിൽ നടന്ന ‘ചലോ ദില്ലി’ പ്രതിഷേധ സമരത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ നേതൃത്വം നൽകി.
കർണാടകയോടുള്ള കേന്ദ്ര സർക്കാറിന്റെ ചിറ്റമ്മ നയം തുറന്നു കാണിക്കാനാണ് സമരമെന്ന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും അവഗണനയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതിയിനത്തിൽ 4,30,000 കോടി രൂപയാണ് കർണാടക നൽകുന്നത്. എന്നാൽ, കേന്ദ്രം അർഹമായ നികുതിവിഹിതം നൽകാതിരുന്നതു കാരണം 62,098 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രതിഷേധം ബി.ജെ.പിക്കെതിരായ സമരമല്ലെന്നും കർണാടക സംസ്ഥാനത്തിനുവേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാറിന്റെ ശ്രദ്ധ കൊണ്ടുവരുകയാണ് സമര ലക്ഷ്യം.
ധനകാര്യ കമീഷൻ നിർദേശിച്ച പ്രത്യേക ഗ്രാൻഡ് ധനമന്ത്രി നിർമല സീതാരാമൻ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15ാം ധനകാര്യ കമീഷന്റെ ഇടക്കാല റിപ്പോർട്ടിൽ കർണാടകക്ക് 5495 കോടി അനുവദിച്ചിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ടിൽ ധനമന്ത്രി അത് ഒഴിവാക്കി.
ഈ വിഷയം ഞാൻ നിയമസഭയിൽ ഉയർത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിഹിതം ധനകാര്യ കമീഷൻ 1.7 ശതമാനം കുറക്കുകയും ചെയ്തു. 14ാം ധനകാര്യ കമീഷനിൽ 4.71 ശതമാനം ഫണ്ടാണ് കർണാടക്ക് ലഭിച്ചത്. 15ാം ധനകാര്യ കമീഷനിൽ അത് 3.64 ശതമാനമാക്കി കുറച്ചു.
135 ഭരണകക്ഷി എം.എൽ.എമാരും 28 എം.എൽ.സിമാരും സംസ്ഥാനത്ത് നിന്നുമുള്ള കോൺഗ്രസ് ലോക്സഭ, രാജ്യസഭ എം.പിമാരും പങ്കെടുത്തു. 300 പേരുടെ പ്രതിഷേധ ധർണക്കാണ് ഡൽഹി പൊലീസ് അനുമതി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















