ടെഹ്റാൻ: ഇന്ത്യക്കാർക്ക് പരമാവധി 15 ദിവസം വിസയില്ലാതെ രാജ്യത്ത് തങ്ങുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇറാൻ. ഫെബ്രുവരി 4 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശന സൗകര്യം ആരംഭിച്ചതായി ഇറാൻ എംബസി അറിയിച്ചു.
ടൂറിസം ആവശ്യങ്ങൾക്കായി ഇറാനിൽ പ്രവേശിക്കുന്ന ആളുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ. സാധാരണ പാസ്പോർട്ടുകൾ കൈവശമുള്ള ആളുകൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ പരമാവധി 15 ദിവസം വരെ രാജ്യത്ത് തങ്ങാം.15 ദിവസത്തെ കാലാവധി നീട്ടാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ബിസിനസ് അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇറാൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ അതത് വിഭാഗങ്ങൾക്ക് കീഴിൽ വിസയ്ക്ക് അപേക്ഷിക്കണം. ആറ് മാസ കാലയളവിനുള്ളിൽ ഒന്നിലധികം തവണ ഇറാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വിസ എടുക്കണം. വിമാനമാർഗം ഇറാനിൽ എത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
തുർക്കി, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ അല്ലെങ്കിൽ ഏതെങ്കിലും അയൽ രാജ്യങ്ങൾ വഴി കരമാർഗം ഇറാനിലേക്ക് വരുന്നവരെ മുൻകൂർ വിസയില്ലാതെ പ്രവേശിക്കാൻ അനുവദിക്കില്ല. തായ്ലൻഡ്, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെ ഇന്ത്യൻ സന്ദർശകർക്ക് വിസ രഹിത പ്രവേശനം അംഗീകരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ