റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും അവലോകനം ചെയ്തു.
പ്രാദേശിക സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള മാർഗങ്ങളും ശ്രമങ്ങളും ചർച്ച ചെയ്തു. യോഗത്തിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മിഡിൽ ഈസ്റ്റ് പര്യടനത്തിന് തുടക്കം കുറിച്ചാണ് റിയാദിലെത്തിയത്. നാല് മാസത്തിനിടെ മേഖലയിലെ അഞ്ചാമത്തെ സന്ദർശനമാണിത്. മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിനായി ഈയാഴ്ച അവസാനം ഈജിപ്ത്, ഖത്തർ, ഇസ്രായേൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ബ്ലിങ്കൻ സന്ദർശിക്കും.
അതേസമയം ഗസ്സയിലേക്കുള്ള അടിയന്തര മാനുഷിക സഹായം വർധിപ്പിക്കുന്നതിനും അത് ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ ചർച്ച ചെയ്യാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി എക്സ് പ്ലാറ്റ്ഫോമിൽ ട്വീറ്റ് ചെയ്തു. സംഘർഷം വ്യാപിക്കുന്നത് തടയാൻ ഞങ്ങൾ മേഖലയിൽ നയതന്ത്ര ശ്രമങ്ങളിൽ ഏർപ്പെടുന്നത് തുടരുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സൂചിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു