ദുബൈ: സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിച്ച 1,077 കമ്പനികളെ പരിശോധനയിൽ കണ്ടെത്തി. 2022 രണ്ടാം പകുതി മുതലാണ് ഇത്രയും കമ്പനികൾ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. എമിററ്റൈസേഷൻ മാനദണ്ഡങ്ങൾ മറികടക്കാൻ ശ്രമിച്ചതായി തെളിയിക്കപ്പെട്ട ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുമുണ്ട്.
സ്വദേശിവത്കരണ ടാർഗറ്റ് പൂർത്തിയാക്കുന്നതിന് നാമമാത്രമായ തസ്തികകളിൽ ഇമാറാത്തികളെ നിയമിക്കുന്നതും കമ്പനിയിൽ ജോലി ചെയ്തുവരുന്ന സ്വദേശിയെത്തന്നെ വീണ്ടും നിയമിക്കുന്നതുമെല്ലാം വ്യാജ നിയമനമായാണ് കണക്കാക്കുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളുടെ വർഗീകരണത്തിൽ ഏറ്റവും താഴ്ന്ന വിഭാഗത്തിലേക്ക് തരം താഴ്ത്തുകയും ചെയ്യും. വ്യാജ നിയമനത്തിന് 20,000 ദിർഹം മുതൽ ലക്ഷം ദിർഹം വരെയാണ് പിഴയായി ഈടാക്കുക. എമിററ്റൈസേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കോൾ സെൻറർ വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അറിയിക്കാനുള്ള സംവിധാനമുണ്ട്. 2021 സെപ്റ്റംബറിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കിയ ശേഷം 157 ശതമാനമാണ് ഇമാറാത്തികളുടെ എണ്ണം സ്വകാര്യ മേഖലയിൽ വർധിച്ചത്.
സ്വദേശികളെ നിയമിച്ച 19,000ത്തിലേറെവരുന്ന കമ്പനികളുടെ പ്രതിബദ്ധതയെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നേരത്തേ അഭിനന്ദിച്ചിരുന്നു. അതിനിടെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിയെ നിയമിക്കണമെന്ന നിയമം നിലവിൽവന്നതോടെ ഈ വർഷം കൂടുതൽ സ്വദേശികളുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജനുവരി മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. അടുത്തവർഷം വീണ്ടും ഒരു സ്വദേശിയെയും കൂടി നിയമിക്കണം. നേരത്തേ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്.
രാജ്യത്ത് 20-49 തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
ഇതുപ്രകാരം അടുത്ത വർഷങ്ങളിൽ സ്വദേശികൾക്ക് 12,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിയമനം നടത്തിയില്ലെങ്കിൽ 2025 ജനുവരിയിൽ 96,000 ദിർഹം സ്ഥാപനത്തിൽനിന്ന് ഈടാക്കും. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരനു പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടിവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു