പത്തനംതിട്ട: ഇളമണ്ണൂരിൽ കാപ്പ കേസ് പ്രതിയായ ജെറിൽ പി. ജോർജ്ജിനെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതിളായ ഏഴംകുളം സ്വദേശി വിഷ്ണു വിജയൻ, അങ്ങാടിക്കൽ വടക്ക് സ്വദേശി കാർത്തിക്, വയല സ്വദേശി ശ്യാം എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക തർക്കത്തിന്റെ പേരിൽ എയർഗൺ അടക്കം ഉപയോഗിച്ചാണ് കണ്ണൂർ സ്വദേശിയെ അതിക്രൂരമായി മർദ്ദിച്ചത്.
ജനുവരി 18നാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെത്തുടർന്ന്, കാപ്പ നടപടിപ്രകാരം ജയിലിലായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാൽ, ചന്ദ്രലാൽ എന്നീ സഹോദരങ്ങളുടെ വീട്ടിൽവച്ചാണ് പ്രതികൾ ജെറിലിനെ മർദിച്ചത്. കാപ്പ നടപടികൾക്കു വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്ണു, ശ്യാം എന്നിവരെയും സൂര്യലാലിനെയും, ചന്ദ്രലാലിനെയും ജെറിൽ പരിചയപ്പെടുന്നത്. ഇതേസമയം മറ്റൊരു കേസിൽ പ്രതിയായി കാർത്തിക്കും ജയിലിൽ ഉണ്ടായിരുന്നു.
ജയിലിൽനിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിന്റെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തികവിഷയത്തിൽ ഇവിടെവച്ച് പരസ്പരം തർക്കമുണ്ടായതിനെ തുടർന്ന്, പ്രതികൾ ജെറിലിന്റെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചെന്നാണ് പരാതി.
ലൈംഗികാവയവത്തിലും ഇരു തുടകളിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് പിസ്റ്റളിൽ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും ഇരുമ്പുകമ്പി കൊണ്ട് ദേഹമാസകലം മർദിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദേഹമാസകലം പരുക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ പ്രതികൾ അഞ്ചു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
തുടർന്ന് വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ജെറിൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ