ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു.
അമൃത്പാല്‍ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് നേരെ ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടന്ന പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. പഞ്ചാബ് നിവാസികൾക്ക് നേരെയുണ്ടായ ആക്രമണത്തെ നാഷണൽ കോൺഫറൻസിൻ്റെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും നേതാക്കൾ അപലപിച്ചു.
ഈ വർഷം കശ്മീരിൽ പ്രദേശവാസികൾക്ക് നേരെ ഭീകരർ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം അനന്ത്‌നാഗ്, ഷോപിയാൻ ജില്ലകൾ ഉൾപ്പെടെ താഴ്‌വരയിൽ സ്വദേശികളല്ലാത്ത തൊഴിലാളികൾക്ക് നേരെ ഭീകരർ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.
















