പാകിസ്താനില്‍ 1974-ല്‍ സ്ഥാപിതമായ തോഷഖാന വകുപ്പാണ് ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങളും അതുപോലെയുള്ള വിലകൂടിയ വസ്തുക്കളും സൂക്ഷിക്കുന്നത്. അതായത് പാകിസ്താനിലെ ഭരണാധികാരികൾക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊക്കെ, വിദേശ രാജ്യങ്ങളുടെ തലവന്മാര്‍, ഗവണ്‍മെന്റുകള്‍, എന്നിവര്‍ നല്‍കുന്ന വിലയേറിയ സമ്മാനങ്ങള്‍ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത് എന്നർത്ഥം.
അതുകൊണ്ടുതന്നെ ഈ നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം.
ഈ നിയമത്തിൽ ഇളവുള്ളത് പാകിസ്ഥാൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. അവർക്ക് 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും. അതും സമ്മാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം അടച്ച് മാത്രമാണ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാനും സാധിക്കുക. എന്നാൽ, പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്കു വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്. 2018-ല്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്റെ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.
ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം ഇത് നല്‍കണമെന്ന് കമ്മീഷന്‍ ക്യാബിനറ്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. എന്നാൽ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയില്ല. ഇതോടെ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ വാദം കേട്ട ഹൈക്കോടതി, ഇമ്രാന്‍ ഖാന്റെ തോഷഖാന വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് 2022 ഏപ്രിലില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍നിന്ന് പുറത്തായി. പാകിസ്താനില്‍ ഭരണമാറ്റം നടക്കുന്നതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ തോഷഖാന നടപടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്താകുന്നത്. ദേശീയ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്. അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.
പാകിസ്താനില്‍ എല്ലാ വര്‍ഷവും സഭാംഗങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്തി-ബാധ്യതാ കണക്കുകൾ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച കത്തില്‍ സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ ഖാൻ സമ്മതിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ വിവിധ രാഷ്ട്രത്തലവന്മാരില്‍നിന്ന് തനിക്ക് ലഭിച്ച നാല് സമ്മാനങ്ങള്‍ വിറ്റതായി ഇമ്രാന്‍ സമ്മതിച്ചത്. എന്നാല്‍, അവയുടെ മൂല്യത്തിന്റെ ഒരു ശതമാനം നല്‍കി സര്‍ക്കാരില്‍നിന്ന് വാങ്ങിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. വില കൂടിയ വാച്ചുകളും പേനയും മോതിരവും ഉള്‍പ്പെടുന്നതായിരുന്നു ആ സമ്മാനങ്ങള്‍. തോഷഖാനയില്‍നിന്ന് 2.15 കോടി രൂപയ്ക്ക് വാങ്ങിയ സമ്മാനങ്ങള്‍ വിറ്റത് വഴി ഏകദേശം 5.8 കോടി രൂപ ലഭിച്ചതായും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം