ആർത്തവ സമയത്തെ വയറുവേദന, നടുവ് വേദന, ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയവ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പലരും ഇതിന് പരിഹാരം കാണുന്നത് വേദനസംഹാരികൾ കഴിച്ചാണ്. എന്നാൽ എല്ലാ മാസവും ഇത്തരത്തിൽ മരുന്നുകൾ കഴിക്കുന്നത് ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിച്ചും ഈ വേദനകളിൽ നിന്ന് രക്ഷപ്പെടാം. ആർത്തവ വേദന കുറയാൻ സഹായിക്കുന്നതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക
ആർത്തവ സമയത്ത് ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക. ഉപ്പ് അധികമായി അടങ്ങിയിട്ടുള്ള ചിപ്സ്, ജങ്ക് ഫുഡുകൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. ഇതുവഴി ആർത്തവ സമയത്തെ വയറുവേദന തടയാം.
മൈദ ഒഴിവാക്കുക
മൈദ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ കഴിക്കുന്നത് ഈ സമയത്ത് ഒഴിവാക്കുക. പാസ്ത, പിസ്സ ബ്രെഡ്, ബിസ്ക്കറ്റ് മുതലായവ ഇതിൽ ഉൾപ്പെടുന്നു. ഇത് മലബന്ധം, ദഹനക്കേട്, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
മധുരപലഹാരങ്ങൾ
ചില സ്ത്രീകൾക്ക് ആർത്തവ സമയത്ത് മധുരവും മധുര പലഹാരങ്ങളും കഴിക്കാൻ തോന്നാറുണ്ട്. എന്നാൽ ആർത്തവ സമയത്ത് മധുരപലഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളും കാർബണേറ്റഡ് ശീതളപാനീയങ്ങളും ഒഴിവാക്കുക. ഇത്തരം മധുരം കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ആർത്തവസമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും. ഇത് ഉത്കണ്ഠയ്ക്കും മലബന്ധത്തിനും കാരണമാകും.
Read also: നല്ല ആരോഗ്യത്തിനും ആയുസ്സിനുമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
എണ്ണമയം അടങ്ങിയ ഭക്ഷണങ്ങൾ
പിസ്സ, ബർഗർ തുടങ്ങിയ എണ്ണമയം അധികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് നടുവേദനയ്ക്കും വയറുവേദനയ്ക്കും കാരണമാകുകയും ചെയ്യുന്നു.
പാലും മാംസവും
പാലും മാംസവും പോലുള്ള കാൽസ്യവും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് സ്തനങ്ങളിലെ വേദന, ശരീര വേദന, പേശി വേദന എന്നിവയ്ക്ക് കാരണമാകും. പാൽ ഒഴിച്ചുള്ള കാപ്പിയും ചായയും അമിതമായി കുടിക്കുന്നതും ഒഴിവാക്കുക. പകരം കട്ടൻ ചായയോ കട്ടൻ കാപ്പിയോ കുടിയ്ക്കാം.
ആർത്തവ സമയത്ത് അച്ചാറുകൾ ഒഴിവാക്കുക. നൂഡിൽസ്, വാഫിൾസ്, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണം എന്നിവയും ഒഴിവാക്കുക.
ആർത്തവ സമയത്ത് സ്ത്രീകൾ ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. നട്സ്, ഇഞ്ചി, ചീര, ഡാർക്ക് ചോക്ലേറ്റ്, വാഴപ്പഴം, പെരുംജീരകം, ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങിയവ ആർത്തവസമയത്ത് കഴിക്കാം. ആർത്തവം ആരംഭിച്ച് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഇവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക