ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. യൂണിഫോം സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
നാലുദിവസം നീണ്ട നിയമസഭാ സമ്മേളനത്തിന്റെ രണ്ടാമത്തെ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി യൂണിഫോം സിവില്‍ കോഡ് അഥവാ ഏക വ്യക്തി നിയമം സഭയിൽ അവതരിപ്പിച്ചത്. കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
നിയമം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തെ വ്യക്തിനിയമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അതിൽ പ്രധാനം ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവരും അവരുടെ ബന്ധം ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ റജിസ്റ്റർ ചെയ്യേണ്ടി വരുമെന്നുള്ളതാണ്.
21 വയസ്സിന് താഴെ പ്രായമുള്ളവരാണെങ്കിൽ അവർക്ക് മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. ഇനി പങ്കാളി സംസ്ഥാനത്തിന് പുറത്തുള്ള ആളാണെങ്കിലും റജിസ്റ്റർ ചെയ്തിരിക്കണം.
സര്‍ക്കാര്‍ നയങ്ങള്‍ക്കും സദാചാരവ്യവസ്ഥകള്‍ക്കും വിരുദ്ധമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ സാധ്യമല്ല. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികളില്‍ ഒരാള്‍ വിവാഹിതനോ/ വിവാഹിതയോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലെ പങ്കാളിയോ ആണെങ്കിൽ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയോ ആയിരിക്കുന്ന സാഹചര്യത്തിലോ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാളുടെ സമ്മതം ഭീക്ഷണിപ്പെടുത്തിയോ ആള്‍മാറാട്ടത്തിലൂടെയോ നേടിയതായിരിക്കുന്ന പക്ഷമോ ആ ബന്ധത്തിന് നിയമസാധുത അനുവദിക്കുകയില്ല.
ലിവ് ഇൻ റിലേഷൻഷിപ്പ് വിവരങ്ങൾ ശേഖരിക്കാനായി ഒരു പ്രത്യേക വെബ്സൈറ്റ് തന്നെ ആരംഭിക്കും. ജില്ലാ റജിസ്ട്രാറായിരിക്കും വിവരങ്ങൾ പരിശോധിക്കുക. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയണമെങ്കിൽ റജിസ്ട്രാർക്ക് ബന്ധത്തെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന പങ്കാളികളുൾപ്പടെ ആരെ വേണമെങ്കിലും വിളിച്ചുവരുത്താവുന്നതാണ്. ഇനി പങ്കാളികൾ നടത്തിയ റജിസ്ട്രേഷൻ നിഷേധിക്കുകയാണെങ്കിൽ ഇക്കാരണം ചൂണ്ടിക്കാട്ടി റജിസ്ട്രാർക്ക് കത്തയയ്ക്കണം.
ഇനി ഒരിക്കൽ റജിസ്റ്റർ ചെയ്തത് വേണ്ടെന്നുവെക്കണമെങ്കിൽ പ്രത്യേകം എഴുതിത്തയ്യാറാക്കിയ കത്ത് നൽകണം. അതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് തോന്നിയാൽ പൊലീസ് അന്വേഷണം നടത്തും. ബന്ധം അവസാനിപ്പിക്കുന്നതിനായി പങ്കാളികള്‍ രണ്ടുപേർക്കുമോ അല്ലെങ്കില്‍ ഒരാൾക്കോ അവർ താമസിക്കുന്ന പ്രദേശപരിധിയിലെ രജിസ്ട്രാറിന് ബന്ധം റദ്ദാക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്. ബന്ധം റദ്ദാക്കാനുള്ള പ്രസ്താവന സമര്‍പ്പിച്ച പങ്കാളി അതിന്റെ പകര്‍പ്പ് മറ്റേ വ്യക്തിയ്ക്ക് കൈമാറേണ്ടതാണ്.
21 വയസ്സിന് താഴെയുള്ള പങ്കാളികളുണ്ടെങ്കിൽ ഈ വിവരം അവരുടെ മാതാപിതാക്കളെ അറിയിക്കും. വിവാഹം, ലിവ്– ഇൻ റിലേഷൻഷിപ്പ് തുടങ്ങി ഏതുബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്കും സംസ്ഥാനത്ത് തുല്യ പരിഗണന ലഭിക്കും. ഈ കുഞ്ഞുങ്ങളെ അവിഹിത സന്തതി എന്ന വിശേഷിപ്പിക്കാൻ കഴിയില്ല. ഇവർക്ക് പാരമ്പര്യസ്വത്തിൽ തുല്യാവകാശം ഉണ്ടായിരിക്കുന്നതാണ്. ലിവ് ഇൻ റിലേഷൻഷിപ്പിലേർപ്പെട്ട സ്ത്രീയെ പങ്കാളി ഉപേക്ഷിക്കുകയാണെങ്കിൽ മോചനദ്രവ്യത്തിന് അവകാശമുണ്ടായിരിക്കും.
ബന്ധം രജിസ്റ്റർ ചെയ്യാതിരിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ പങ്കാളികളിലൊരാൾക്കോ, ഇരുവർക്കുമോ 25,000 രൂപ പിഴയും മൂന്നുമാസത്തെ തടവും ലഭിക്കാം. ഒരു മാസം വൈകുന്നത് പോലും ജയിൽ ശിക്ഷ ലഭിക്കുന്നതിന് കാരണമാകാം. പങ്കാളികൾ ഇരുവർക്കും 10,000 പിഴയും ലഭിക്കും.
ഒന്നിലധികം ഭാര്യമാർ ഉണ്ടായിരിക്കുക, ബാല വിവാഹം, എല്ലാ മതവിഭാഗങ്ങളിലും പെട്ട പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു നിശ്ചിത പ്രായം അനുശാസിക്കുക തുടങ്ങിയ കാര്യങ്ങളും ഏക വ്യക്തി നിയമത്തിൽ പരാമർശിക്കുന്നുണ്ട്. ഈ ബിൽ സഭ പാസ്സാക്കുകയാണെങ്കിൽ ഏക വ്യക്തി നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം