അബുദാബി ∙ അനധികൃത റിക്രൂട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിയുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ലൈസൻസില്ലാതെ പ്രവർത്തിച്ച 5 സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങളും തടഞ്ഞു. ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) സഹകരണത്തോടെയായിരുന്നു നടപടി. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലൈസൻസ് ഇല്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് നടത്തുന്നതും താൽക്കാലിക ജോലിക്കു അവസരമൊരുക്കുന്നതും നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 2 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഏതെങ്കിലും ഒരു ശിക്ഷയോ രണ്ടും ചേർത്തോ ലഭിക്കാമെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി വ്യക്തമാക്കി.
നിയമം ലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തനം മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനയും ശക്തമാക്കി. റിക്രൂട്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് എടുക്കണം. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെക്കുറിച്ച് 600 590000 നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലോ പരാതിപ്പെടണം. റിക്രൂട്മെന്റ് നടപടിക്രമങ്ങൾ ഡിജിറ്റലാക്കാനും പദ്ധതിയുണ്ട്. തൊഴിൽ വിപണി സ്ഥിരത നിലനിർത്തുന്നതിനും സാമ്പത്തിക വളർച്ചയ്ക്ക് അനുകൂല അന്തരീക്ഷം ഒരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു