ആലപ്പുഴ: എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. കണിച്ചുകുളങ്ങര പെരുന്നേര്‍മംഗലം എല്‍.പി. സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016-ല്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വികസിത രാജ്യങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള അഭൂതപൂര്‍വമായ മാറ്റമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. നല്ല ബെഞ്ച്, ഡെസ്ക്ക്, മികച്ച കെട്ടിടങ്ങള്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍, ഓഡിറ്റോറിയം, ലൈബ്രറികള്‍ തുടങ്ങിയ അത്യാധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഓരോ സ്കൂളിലും ഒരുക്കിയത്. സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും എന്തിനെന്ന് ചോദിച്ചവര്‍ ഈ വിദ്യാലയങ്ങള്‍ വന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പി.പി. ചിത്തരഞ്ജന് എം.എല്‍.എ നല്കുന്ന ശ്രദ്ധയുടെ തെളിവാണ് 89 കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് രണ്ടുകോടി രൂപയുടെ കെട്ടിടം നിര്‍മ്മിച്ചത്. ജനഹിതം മാനിച്ച് ഏറ്റവും നന്നായി നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന എം.എല്‍.എ.യെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കെട്ടിട നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കിയ കരാറുകാരനായ പി. ഷാജിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 4916 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികള്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും താഴെ ഒരു അസംബ്ലി ഹാള്‍, ടെറസില്‍ ഒരു മീറ്റിംഗ് ഹാള്‍, ഇലക്ട്രിഫിക്കേഷന് ഗെയ്റ്റ്, ചുറ്റുമതില്‍, ഇന്റര്‍ലോക്ക് ടൈല്‍ എന്നിവ ഉള്‍പ്പെടെയാണ് നിര്‍മാണം.
ചടങ്ങില്‍ പി.പി. ചിത്തരഞ്ജന് എം.എല്‍.എ. അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാഭായി, വൈസ് പ്രസിഡന്റ് സി.സി. ഷിബു, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരരായ പി. രത്നമ്മ, പ്രീത അനില്‍, ടി.എസ്. സുഖലാല്‍, പഞ്ചായത്തംഗങ്ങളായ പി.ജെ. സജിമോന്‍, എന്‍. ഷൈലജ, പൊതുമാരാമത്ത് കെട്ടിട വിഭാഗം എ.എക്സ്.ഇ കെ.എസ്. സുജമോള്‍,ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.സി. കൃഷ്ണകുമാര്‍, പി.ടി.എ. പ്രസിഡന്റ് അഭിലാഷ്, എസ്.എം.സി. ചെയര്മാന് എം.എന്‍. സജി, ഹെഡ്മിസ്ട്രസ് സി.അനില, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക