മനാമ ∙ സൗന്ദര്യത്തിനും ഫാഷനും വേണ്ടിയുള്ള നീണ്ട മുടി ഞങ്ങൾക്ക് മാത്രമായി വേണ്ടാ, ഇത് കീമോയുടെ ഫലമായി മുടി കൊഴിഞ്ഞു മാനസിക വ്യഥ അനുഭവിക്കുന്നവർക്ക് കൂടി വേണ്ടിയാണ് എന്ന് പ്രതിജ്ഞ എടുത്തപ്പോൾ അത് നിരവധി കാൻസർ രോഗികൾക്ക് ആശ്വാസമായി വിദ്യാർഥികൾ മുതൽ അമ്മമാർ വരെയുള്ള 68 ഓളം ബഹ്റൈൻ പ്രവാസികളാണ് അവരുടെ മുടി കാൻസർ രോഗികൾക്കായി കഴിഞ്ഞ ദിവസം ബഹ്റൈനിൽ നടന്ന പ്രത്യേക ചടങ്ങിൽ വച്ച് മുറിച്ചു നൽകിയത്. ബഹ്റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച കേശദാന പരിപാടിയിലാണ് ഇത്രയും ആളുകൾ തങ്ങളുടെ മുടി മുറിച്ചു നൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നത്.
ലോക കാൻസർ ദിനത്തോടനുബന്ധിച്ചാണ് ബഹ്റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാംപ് സംഘടിപ്പിച്ചത്. കീമോ തെറാപ്പി അടക്കമുള്ള കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകുവാനാണ് ഇങ്ങനെ ദാനമായി ലഭിച്ച മുടി ഉപയോഗിക്കുക. കുറഞ്ഞത് 21 സെന്റീമീറ്റർ നീളത്തിലാണ് പലരുടെയും മുടി മുറിച്ചെടുത്തത്.
ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ ഷിനോ, റോയൽ ബഹ്റൈൻ പ്രസിഡന്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്മദ് ജവഹറി, ഗ്രൂപ്പ് സിഇഒ ഡോ. ശരീഫ് എം. സഹദുല്ല, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി, ഗിരീഷ് മോഹൻ, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ബഹ്റൈൻ കാൻസർ സൊസൈറ്റി ട്രഷറർ യുസഫ് ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ എന്നിവർക്ക് സ്വരൂപിച്ച മുടികളും കൈമാറി. ഡോ: വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓൺകോളജിസ്റ്റ്), ഡോ: അൽപായ് യിൽമാസ് (ഗൈനക്കോളജിക്കൽ ഓൺകോളജി) എന്നിവർ കാൻസർ ബോധവൽക്കരണ ക്ലാസെടുത്തു. പ്രിയംവദ ഷാജു, പ്രതിഭ വനിത വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു