അന്താരാഷ്‌ട്ര ആത്മീയ സമ്മേളനം:ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഇറാഖിൽ

ഇറാഖ് : ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ്‌ അൽ സുദാനിയുടെ നേതൃത്വത്തിൽ തലസ്ഥാനമായ ബാഗ്ദാദിൽ നടക്കുന്ന അന്താരാഷ്ട്ര ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ്-ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഇറാഖിലെത്തി.

ഇറാഖ് സുന്നി വഖ്ഫ് മന്ത്രാലയത്തിന് കീഴില്‍ ബഗ്ദാദിലെ ഹള്‌റത്തുല്‍ ഖാദിരിയ്യയില്‍ ഇന്നു മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഉദ്ഘാടന സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. അസ്ഹരി സംസാരിക്കും. ‘വിശ്വാസി ലോകത്തിന്റെ ഐക്യത്തില്‍ അധ്യാത്മികതയുടെ പങ്ക്’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം.

അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ജോര്‍ദാന്‍, യുക്രൈന്‍, തുര്‍ക്കി, സെനഗല്‍, യമന്‍, സോമാലിയ, സുഡാന്‍, ടാന്‍സാനിയ, ടുണീഷ്യ തുടങ്ങിയ 45 രാജ്യങ്ങളിൽ നിന്നുള്ള 62 പണ്ഡിതരാണ് സമ്മേളനത്തിലെ അതിഥികള്‍. ശൈഖ് മുഹമ്മദ് അബ്ദുല്‍ ബാഇസ് അല്‍ഖത്താനി, ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ സയ്യിദ് അല്‍ അസ്ഹരി, ശൈഖ് യഹിയ നിനോവി, ശൈഖ് അഫീഫുദ്ദീൻ ജീലാനി, ശൈഖ് ഐമന്‍ രിഫാഈ, ശൈഖ് മുഹമ്മദ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി തുടങ്ങിയ സുന്നി പ്രമുഖർ വിശിഷ്ടാതിഥികളാണ്.

സമ്മേളനത്തിനായി ഇന്നലെ വൈകുന്നേരത്തോടെ ബാഗ്ദാദ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഡോ. അസ്ഹരിയെ ഇറാഖ് സുന്നി വഖ്ഫ് ഡിപ്പാർട്മെന്റ് ഡയറക്ടർ അലി അൽ സമീദഈയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News