ആലപ്പുഴ: ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റുവാന്‍ വിഭാവനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുരട്ടിശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയമിഷന് വഴി കേരളത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവര്ക്കും ഭൂമി ഉറപ്പാക്കാന്‍ സാധിക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാം മേഖലയും ഡിജിറ്റല്‍ വത്ക്കരിക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലൂടെ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും വിശാലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇതുവഴി വില്ലേജ് ഓഫീസില്‍ പതിവായി കാണുന്ന പിരിമുറുക്കങ്ങള്‍ ഒഴിവാക്കി സൗകര്യപ്രദമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് സര്‍ക്കാര്‍. ഇതോടൊപ്പം ഡിജിറ്റല്‍ റിസര്‍വേ പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. 848 കോടി രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന ഡിജിറ്റല്‍ റീ-സര്‍വ്വേ തുടങ്ങി ഒരു വര്‍ഷക്കാലം കൊണ്ട് തന്നെ 2,17,000 ത്തോളം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനായി എന്നത് അഭിമാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റലൈസാക്കുന്നത് വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും സേവനങ്ങളും കൂടുതല്‍ സുഗമമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ഡിജിറ്റലൈസ് ആയി മാറുകയാണ്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐയുടെ ക്യാമ്പസുകള്‍ ആധുനികവത്കരിക്കുമെന്നും ആലാ, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. കൗശീകന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ധിരാദസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ അമ്പിളി, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണന്, ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജി നിര്‍മ്മല്‍ കുമാര്‍, ജനപ്രതിനിധികള്‍, മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1000 സ്ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായിട്ടാണ് കുരട്ടിശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വിസിറ്റേഴ്സ് റൂം, അന്വേഷണ കൗണ്ടര്‍, ഓഫീസ് ഹാള്‍, റിക്കാര്‍ഡ് റൂം, ഡൈനിംഗ് റൂം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ബില്‍ഡിംഗ്, കോമ്പൗണ്ട് വാള്, ഗേറ്റ്, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ആകെ 40 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക