ആലപ്പുഴ: വലിയമരം നഗര ജനകീയ ആരോഗ്യ കേന്ദ്രം എച്ച്. സലാം എം.എല്‍.എ. നാടിനു സമര്‍പ്പിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി. പ്രാഥമിക ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനും നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തൊട്ടാകെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പുലയന്‍വഴി ജംഗ്ഷനു വടക്കുവശം പ്രവര്‍ത്തനം ആരംഭിച്ച നഗര ആരോഗ്യ കേന്ദ്രത്തില്‍ ജനറല്‍ ഒ.പി, ലബോറട്ടറി, ജീവിതശൈലി രോഗ നിര്‍ണ്ണയം, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം എന്നീ ക്ലിനിക്കല്‍ സേവനങ്ങള്‍ ലഭിക്കും. രോഗവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യലൈസ്ഡ് ഡോക്ടറുമായി ടെലീ കമ്മ്യൂണിക്കേഷന്‍ സൗകര്യം, ഗുരുതര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് തുടര്‍ ചികിത്സാ നിര്‍ദ്ദേശങ്ങള്‍, റഫറല്‍ സേവനങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഗര്‍ഭകാല പരിചരണം സുഗമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ സേവനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും.
ഉച്ചക്ക് ഒരുമണി മുതല്‍ ഏഴ് മണിവരെ ഒ.പി. സമയം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കില്‍ ഒരു ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍ എന്നിവരെയാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. 12 ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാണ് നഗരസഭ വിവിധ വാര്‍ഡുകളിലായി ആരംഭിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.എസ്.എം. ഹുസൈന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ നസീര്‍ പുന്നക്കല്‍, എ.എസ്. കവിത, എം.ആര്. പ്രേം, ആര്. വിനിത, കക്ഷിനേതാക്കളായ സൗമ്യരാജ്, ഡി.പി. മധു, നഗരസഭ സൂപ്രണ്ട് റ്റി.എം. മധു, എന്‍.എച്ച്.എം. ജില്ലാ കോര്‍ഡിനേറ്റര്‍ പ്രവീണ പവിത്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലാറ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക