ഷിക്കാഗോ∙ യുഎസിലെ ഷിക്കാഗോയിൽ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിയെ നാലംഗ സംഘം ആക്രമിച്ച് കൊള്ളയടിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കുടുംബം. ഇന്ത്യാന വെസ്ലിയൻ സർവകലാശാലയിലെ ബുരുദാനന്തര ബിരുദ വിദ്യാർഥിയായ സയ്യിദ് മസാഹിർ അലിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. അലിക്കു നിയമസഹായം നൽകാൻ ഇന്ത്യൻ എംബസി ഇടപെടണമെന്നും ഭാര്യയെയും കുട്ടികളെയും യുഎസിലേക്ക് അയയ്ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്വി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന് അപേക്ഷ നൽകി. മൂക്കില്‍നിന്നും വായില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ സഹായിക്കണം എന്ന് അലി അഭ്യര്ഥിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.
‘‘യുഎസിലെ ചിക്കാഗോയിലുള്ള എന്റെ ഭർത്താവിന്റെ സുരക്ഷയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹത്തിനു മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നു. സാധിക്കുമെങ്കിൽ, എനിക്കും മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഭർത്താവിന്റെ അടുത്തേയ്ക്ക് പോകാനുള്ള ക്രമീകരങ്ങൾ ചെയ്യണമെന്നും അപേക്ഷിക്കുന്നു.’’– ഭാര്യ വിദേശകാര്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
.@DrSJaishankar Sir, One Syed Mazahir Ali from Hyderabad, Telangana pursuing Masters in IT from Indiana Weslay University was robbed & attacked on 4th Feb by four persons in Chicago, Since this attack Syed Mazahir Ali is under mental shock and is in need of help.Ask… pic.twitter.com/Cf2jeMAvPw
— Amjed Ullah Khan MBT (@amjedmbt) February 6, 2024
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ഷിക്കാഗോയിലെ കാംബെൽ അവന്യൂവിലെ വീടിനു സമീപം മൂന്നു പേർ അലിയെ പിന്തുടരുന്നതും അലി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. മോഷ്ടാക്കൾ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നും തന്റെ ഫോൺ തട്ടിയെടുത്തെന്നും സയ്യിദ് മസാഹിർ അലി പറഞ്ഞു. അടുത്തിടെ അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ആക്രമണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ശ്രേയസ് ബെനിഗർ, നീൽ ആചാര്യ എന്നീ ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നീൽ ആചാര്യയെ കാണാനില്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചു മണിക്കൂറുകൾക്കു ശേഷം ഇയാൾ പഠിക്കുന്ന പർഡ്യു സർവകലാശാലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രേയസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ