തിരുവനന്തപുരം: ടൂറിസം നിക്ഷേപക സംഗമത്തില്‍ (ടിഐഎം) സമര്‍പ്പിക്കപ്പെട്ട പദ്ധതികളുടെ നടത്തിപ്പിനായുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ ബുധനാഴ്ച (ഫെബ്രുവരി 7) വൈകുന്നേരം 3.30ന് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെടിഐഎല്‍) ഓഫീസില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
നവംബറില്‍ നടന്ന ടിഐഎമ്മിലെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തി തുടര്‍പരിപാടികള്‍ വേഗത്തിലാക്കാനും പുതിയവ സ്വീകരിക്കാനും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സാധിക്കും.
വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി സഹകരിച്ച് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി ഒരു ഫെസിലിറ്റേഷന്‍ സെന്റര്‍ തുറക്കാന്‍ തീരുമാനിച്ചു.
ടിഐഎം ഫെസിലിറ്റേഷന്‍ സെന്ററിന്റെ കണ്‍വീനറായി ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), കോ-കണ്‍വീനറായി കെടിഐഎല്‍ ചെയര്മാന് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.