തിരുവനന്തപുരം: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. വര്‍ക്കലയുടെ പ്രകൃതി മനോഹാരിതയ്ക്കും പരിസ്ഥിതി ഘടനയ്ക്കും കോട്ടമുണ്ടാക്കാതെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മെച്ചപ്പെടുത്തും.
വര്‍ക്കലയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ വര്‍ക്കല എം എല്‍ എ വി. ജോയ് പങ്കെടുത്തു. വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്മാന് കെ എം. ലാജി , ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി. ബി നൂഹ്, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പോലീസ് മേധാവി (തിരുവനന്തപുരം റൂറല്‍) കിരണ്‍ നാരായണന് ഐപിഎസ്, വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് കോര്പറേഷന് (വിവിഡ്) എംഡി രാമചന്ദ്രന് പോറ്റി, ശുചിത്വ മിഷന് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയപരിധിയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സന്ദര്‍ശകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ക്യാമറകളും തെരുവുവിളക്കുകളും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സ്ഥാപിക്കും. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടലിനഭിമുഖമായുള്ള വര്‍ക്കല ക്ലിഫിന്റെ സംരക്ഷണം ഉറപ്പു വരുത്തും. അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും അടിയന്തരമായി തടയുന്നതിനൊപ്പം ക്ലിഫിലേക്കുള്ള പാത പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ബീച്ചിനോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടം ബയോപാര്‍ക്കാക്കി വികസിപ്പിക്കാനും പാര്‍ക്കിംഗ് സ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കാനുമുള്ള സാധ്യത പരിശോധിക്കണം. പ്രത്യേക സ്ഥലങ്ങള്‍ വേര്‍തിരിച്ച് ബഗ്ഗികളും ഇലക്ട്രിക് ഓട്ടോകളും ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ആരായണം. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ന്റെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദിഷ്ട മാസ്റ്റര്‍ പ്ലാന്‍ കെടിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനി അവതരിപ്പിച്ചു.
അഞ്ചുതെങ്ങ് മുതല്‍ കാപ്പില്‍ വരെയുള്ള പ്രദേശം ഉള്‍പ്പെടുന്ന ടൂറിസം സോണ്‍ വിപുലീകരിച്ച് ഒന്നിലധികം സ്ഥലങ്ങളുടെ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തും. ക്ലിഫ്, പാപനാശം ബീച്ച് എന്നിവയുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും തുടക്കത്തില്‍ മുന്‍ഗണന നല്‍കും. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വര്‍ക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. സാമൂഹ്യ പരിഷ്കര്‍ത്താവും ആത്മീയ നേതാവുമായ ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് വര്‍ക്കല.
‘ഇതിനകം തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിക്കഴിഞ്ഞ വര്‍ക്കലയിലെ വലിയ സാധ്യതകളും വിനോദസഞ്ചാരികളുടെ ക്രമാനുഗതമായ വര്‍ദ്ധനയും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ നടപടികള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കേരള സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ശ്രീനാരായണ ഗുരുവുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ വര്‍ക്കല പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പിന്റെ ഒരു ഓഫീസറെ വര്‍ക്കലയില്‍ നിയമിക്കും. പാപനാശത്തെ ടോയ് ലറ്റ് ബ്ലോക്കിന്റെ നിര്‍മാണം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തീകരിക്കും. വസ്ത്രം മാറാനുള്ള മുറികളും ഇരിപ്പിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും അടുത്ത ടൂറിസം സീസണിന് മുമ്പ് ലഭ്യമാക്കും.
വര്‍ക്കലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ പ്രത്യേക റെഗുലേറ്ററി ഫ്രെയിം വര്‍ക്കിന് രൂപം നല്‍കും. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. കടല്‍ത്തീരത്തിന്റേയും പരിസര പ്രദേശങ്ങളിലേയും പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക്കിന്റെയും മറ്റ് മലിനീകരണ വസ്തുക്കളുടെയും ഉപയോഗം കുത്തനെ കുറയ്ക്കുന്നതിനുള്ള നടപടികളും പദ്ധതിയിലുണ്ടാകും. വിനോദസഞ്ചാരികളുടെ സഞ്ചാരം സുഗമമാക്കാനും നടപ്പാതകള്‍ ഉപയോഗയോഗ്യമാക്കാനും പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കും.
ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം ‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്നു. ഇവയ്ക്ക് പുറമെ എല്ലാ സീസണുകളിലും ഭക്തജനങ്ങള്‍ ധാരാളമായി ഒത്തുകൂടുന്ന ജനാര്‍ദ്ദന ക്ഷേത്രവും വിനോദ സഞ്ചാരമേഖലയിലെ പ്രധാന കേന്ദ്രമാണ്. ലവണ ജല ഉറവ, ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍, താമസ സൗകര്യങ്ങള്‍. ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ എന്നിവയും വര്‍ക്കലയിലുണ്ട്. മികച്ച പ്രകൃതി -ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലൂടെ വെല്‍നസ് ടൂറിസം കേന്ദ്രമായും വര്‍ക്കല അറിയപ്പെടുന്നു.