ന്യൂഡല്‍ഹി: മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവർക്കെതിരേ കർശന നടപടി ഉറപ്പുവരുത്തുന്ന ബില്ലുമായി കേന്ദ്രസർക്കാർ. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർമീൻസ് ) ബില്‍ 2024 ലോക്സഭയില്‍ പാസായി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പത്തുവർഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഘടിതമായി ചോദ്യക്കടലാസ് ചോർത്തുന്നവർക്ക് അഞ്ചു മുതല്‍ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യു.പി.എസ്.സി. എസ്.എസ്.സി., റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ്, ഐ.ബി.പി.എസ്., എൻ.ടി.എ. തുടങ്ങിയവ നടത്തുന്ന
പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവർക്കാണ് പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുക. ബില്ലില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പോലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഒത്തുതീർപ്പിലൂടെയുള്ള പ്രശ്ന പരിഹാരവും സാധിക്കുകയില്ല.
ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോർത്തല്‍, പരീക്ഷാർഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്‍, വ്യാജ വെബ്സൈറ്റുകള്‍ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാർഡും ജോലിവാഗ്ദാന കാർഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാർഹമായ കുറ്റങ്ങളായി ബില്ലില്‍ പറയുന്നു.
ചോദ്യക്കടലാസ് ചോർത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അല്ലെങ്കില്‍ സംഘത്തിന് ചുരുങ്ങിയത് മൂന്നുകൊല്ലം തടവ് ലഭിക്കും. തടവ് അഞ്ചുകൊല്ലമാകാനും ഒരു കോടി വരെ പിഴ കിട്ടാനും സാധ്യതയുണ്ട്. കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുന്ന സേവനദാതാവായ കമ്ബനികള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളുടെ സീനിയർ മാനേജർമാർക്ക് പത്തുകൊല്ലം തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കും. ലോക്സഭ പാസാക്കിയ ബില്‍, ഇനി രാജ്യസഭയില്‍ കൂടി പാസായ ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും.