കേരള എന്‍.സി.സി റിപ്പബ്ലിക് ദിന സംഘത്തിന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദുവിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരളാ-ലക്ഷദ്വീപ് എന്‍.സി.സി അഡി.ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ ജെ.എസ്. മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ 17 എന്‍.സി.സി ഡയറക്ടറേറ്റുകള്‍ തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടന്ന മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് 76 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളും ഉള്‍പ്പെടെ 124 കേഡറ്റുകള്‍ പങ്കെടുത്തു. ജനുവരിയില്‍ നടന്ന അഖിലേന്ത്യാ മത്സരങ്ങളില്‍ കേരള എന്‍സിസി ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. കേഡറ്റുകള്‍ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും, മൊത്തത്തിലുള്ള പ്രകടനങ്ങളില്‍ ദേശീയ തലത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന് എല്ലാ റൗണ്ടിലും മികച്ച പ്രകടനത്തിനുള്ള ട്രോഫി ലഭിച്ചു. ഇന്നവേഷന്‍’ മത്സര ഇനത്തില്‍’ ഡയറക്ടറേറ്റ് ഒന്നാം സ്ഥാനം നേടി. നൃത്യാഭിനയം ഇനത്തില്‍ രണ്ടാം സ്ഥാനവും, ഗ്രൂപ്പ് ഡാന്‍സിന് മൂന്നാം സ്ഥാനവും ലഭിച്ചു. കേരളത്തിലെ അഞ്ച് ഗ്രൂപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ പാത്രയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ഗ്രൂപ്പിന് എന്‍.സി.സി ബാനര്‍ മന്ത്രി കൈമാറി.
ബ്രിഗേഡിയര്‍ ആനന്ദ് കുമാറിന്റെ കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. മികച്ച എന്‍സിസി ബറ്റാലിയനുള്ള അവാര്‍ഡ് തിരുവനന്തപുരത്തെ 2 കേരള എന്‍.സി.സിക്കാണ്. സീനിയര്‍ ഡിവിഷന്/വിംഗില്‍, വയനാട് സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജിന് മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡും ജൂനിയര്‍ ഡിവിഷന്/വിംഗില്‍ ഇടുക്കി പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്കൂളും അര്‍ഹരായി.
റിപ്പബ്ലിക് ദിന പരേഡില്‍ കേരള എന്‍സിസി സംഘം നാലാം സ്ഥാനം നേടിയതിനും ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനും മന്ത്രി അഭിനന്ദിച്ചു. ജൂനിയര്‍ ആര്‍മി ബെസ്റ്റ് കേഡറ്റ് വിഭാഗത്തില്‍ സര്‍ജന്റ് ചിന്മയി ബാബുരാജ് വെള്ളി മെഡല്‍ കരസ്ഥമാക്കി. നേവല്‍ കേഡറ്റ് സയ്യിദ് മുഹമ്മദ് ഷഹീല്‍ എന്‍കെ മികച്ച കേഡറ്റിനുള്ള (സീനിയര്‍ നേവി) വെങ്കല മെഡല്‍ നേടി. സീനിയര്‍ ബോയ്സ് ഹാക്ക്സ് ഇനത്തില്‍ 1 (കെ) ആര് ആന്റ് വി സ്ക്വാഡ്രനിലെ കോര്‍പ്പറല്‍ ആകാശ് സൈനി വെങ്കല മെഡല്‍ നേടി.
കേരളത്തില്‍ നിന്നുള്ള രണ്ട് കേഡറ്റുകള്‍ക്ക് എന്‍.സി.സി ഡയറക്ടര്‍ ജനറലിന്റെ പ്രശംസയും മെഡലും ലഭിച്ചു. കേരള ലക്ഷദ്വീപ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എ രാഗേഷ്, എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍മാര്‍, റിപ്പബ്ലിക് ദിന കണ്ടിജന്റ് കമാന്‍ഡര്‍ കേണല്‍ ആര്‍എസ് രാജീവ്, മറ്റ് ഓഫീസര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക