തിരുവനന്തപുരം: കേരള ഗാനത്തെച്ചൊല്ലി ദൗര്‍ഭാഗ്യകരമായ വിവാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2014ല്‍, ബോധേശ്വരന്റെ ‘കേരള ഗാനം’ സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാന്‍ തീരുമാനിച്ചിരുന്നു. അന്നെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചോ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് വ്യക്തമാക്കണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് എം.എല്‍.എ. ഇതുസംബന്ധിച്ച് സാംസ്ക്കാരിക മന്ത്രിക്ക് കത്തു നല്‍കിയിരിക്കുകയാണ്.
ഹരിപ്പാട് ശ്രീകുമാരന്‍ തമ്പിയെപ്പോലെ പ്രശസ്തനും പ്രഗത്ഭനുമായ ഒരു കവിയോട് കേരളഗാനം എഴുതി നല്കാന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സെക്രട്ടറിയും ആവശ്യപ്പെട്ട ശേഷം അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ അക്കാദമിയുടെ ഭാഗത്ത് നിന്ന് പെരുമാറ്റമുണ്ടായതും ബാലചന്ദ്രന് ചുള്ളിക്കാടിനെ സാഹിത്യോത്സവത്തില്‍ ക്ഷണിച്ചുവരുത്തി ‘നക്കാപ്പിച്ച’യാത്രാക്കൂലി നല്കി അദ്ദേഹത്തെ അപമാനിച്ചതും സംസ്കാരിക വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കെ സി ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് തനതായ ഒരു ഔദ്യോഗിക ഗാനം വേണമെന്ന കാര്യം ചര്‍ച്ചാവിഷയമായതാണ്. തിരുവന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോധേശ്വരന്‍ ഫൗണ്ടേഷന് ഈ കാര്യം ഉന്നയിച്ചുകൊണ്ട് ഒരു കത്ത് സര്‍ക്കാരിന് നല്കി. സുഗത കുമാരി ടീച്ചര്‍ ഈ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ബോധേശ്വരന്റെ ‘ജയ ജയ കോമള കേരള ധരണി’ എന്ന് തുടങ്ങുന്ന കവിത കേരള ഗാനമായി അംഗീകരിക്കണമെന്ന ആവശ്യമാണ് ഫൗണ്ടേഷന് ഉന്നയിച്ചത്.
ഈ കാര്യം വിശദമായി പരിശോധിച്ച ശേഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ദേശീയ ഗാനം നിലവിലുള്ളപ്പോള്‍ കേരളത്തിന് പ്രത്യേകമായ ഒരു ഗാനം ആവശ്യമില്ലെന്ന നിഗമനത്തിലാണെത്തിയത്. എങ്കിലും സാംസ്കാരിക വകുപ്പിന്റേതായ ഒരു ഔദ്യോഗിക ഗാനം ഉണ്ടാകുന്നത് അഭികാമ്യമാണെന്ന അഭിപ്രായം ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്നു. ഇത് പരിഗണിച്ചു കൊണ്ട് സാംസ്കാരിക വകുപ്പിന് ഒരു ഔദ്യോഗിക ഗാനം നിശ്ചയിച്ചുകൊണ്ട് 2014 ഒകര്ടോബര് 29ല്‍ അന്നത്തെ സാംസ്കാരിക വകുപ്പ് സെക്രട്ടറി ഒരു ഉത്തരവ് ഇറക്കി. സാംസ്കാരിക വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്. ‘സാമൂഹ്യ പരിഷ്കര്‍ത്താവായ ബോധേശ്വരന്റെ ‘കേരളഗാനം’ സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായി അംഗീകരിക്കുന്നതിനൊപ്പം, വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും പൊതുചടങ്ങുകളിലും നവംബര്‍ 1ന് ശ്രേഷ്ഠ ഭാഷാ ദിനത്തിലും ഈ ഗാനം ആലപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച് ഉത്തരവാകുന്നു’ എന്നാണ്. ഈ സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ സാംസ്കാരിക മന്ത്രി വ്യക്തത വരുത്തണമെന്നും കെ.സി. ജോസഫ് കത്തില്‍ ആവശ്യപ്പെടുന്നു.
1) സ്വാതന്ത്ര്യ സമര സേനാനിയായ കേരളം മുഴുവന്‍ ആദരിക്കുന്ന മഹാനായ ബോധേശ്വരന്റെ ‘കേരള ഗാനം ‘ സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമാക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ടോ?
2) ഇല്ലെങ്കില്‍ ഏതു സാഹചര്യത്തിലാണ് സാംസ്കരിക വകുപ്പിനുവേണ്ടി ഒരു ഔദ്യോഗിക ഗാനം കണ്ടെത്താന്‍ സാഹിത്യ അക്കാദമിയോട് സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടത് ?
3) ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ എന്ത് അടിസ്ഥാനത്തിലാണ് സാസ്കാരിക വകുപ്പിനു വേണ്ടി ഒരു ഗാനം കണ്ടെത്താന്‍ വകുപ്പിന് കീഴിലെ ഒരു അക്കാദമി മാത്രമായ സാഹിത്യ അക്കാദമിക്കുവേണ്ടി സെക്രട്ടറി മുന്‍കൈ എടുത്തത്?
4) 2014ലെ സര്‍ക്കാര്‍ ഉത്തരവിന്റെ വിവരങ്ങളും ഗാനത്തിന്റെ സി.ഡി യും വകുപ്പില്‍ ഉണ്ടായിരിക്കെ ഈ വിവരങ്ങള്‍ എങ്ങിനെയാണ് സാഹിത്യ അക്കാദമി അറിയാതെ പോയത് ?
ഇത്തരം കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണെന്നും കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇതിനെയെല്ലാം സംബന്ധിച്ച് ഒരു വ്യക്തത വരുത്തുവാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി തയ്യാറാകണമെന്നും കെ സി ജോസഫ് കത്തില്‍ അഭ്യര്‍ത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക