ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിൽ കളിക്കാനെത്തിയ വെസ്റ്റിന്‍ഡീസ് ആള്‍റൗണ്ടര്‍ ഫാബിയന്‍ അലനെ തോക്കിൻമുനയിൽ കൊള്ളയടിച്ചു. ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കുന്ന താരത്തെ ജോഹന്നസ്ബര്‍ഗിലെ പ്രശസ്തമായ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു കൊള്ളയടിച്ചത്. തോക്ക് ചൂണ്ടിയ കൊള്ളസംഘം താരത്തിന്റെ ഫോണും ബാഗും കവര്‍ന്നു. എന്നാൽ, താരം പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഫാബിയന്‍ അലന് സുരക്ഷിതനായിരിക്കുന്നതായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതായി ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് പാള്‍ റോയല്‍സിനോട് വെസ്റ്റിൻഡീസ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ടീം അധികൃതർ ഔദ്യോഗിക പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ വിദേശ താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയർത്തുന്നതാണ് സംഭവം.
ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിൽ മോശം ഫോമിലാണ് ഫാബിയൻ അലൻ. എട്ട് മത്സരങ്ങളിൽ 7.60 ശരാശരിയിൽ 38 റൺസും രണ്ട് വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം. വെസ്റ്റിന്‍ഡീസിനായി 20 ഏകദിനങ്ങളിൽ 200 റൺസും ഏഴ് വിക്കറ്റും നേടിയ ഫാബിയൻ 34 ട്വന്റി 20 മത്സരങ്ങളിൽ 267 റൺസും 24 വിക്കറ്റും നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു