വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിളങ്ങാനായില്ലെങ്കിലും അതുല്യ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 14ഉം രണ്ടാം ഇന്നിങ്സിൽ 13ഉം റൺസാണ് താരത്തിന് നേടാനായത്. എന്നാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന നേട്ടം വിരാട് കോഹ്ലിയിൽനിന്ന് സ്വന്തമാക്കാൻ രോഹിതിനായി.
29 മത്സരങ്ങളിൽ രോഹിത് 48.73 ശരാശരിയിൽ 2242 റൺസ് നേടിയപ്പോൾ വിരാട് കോഹ്ലിക്ക് 36 മത്സരങ്ങളിൽ 39.21 ശരാശരിയിൽ 2235 റൺസാണ് നേടാനായത്. ആദ്യ രണ്ട് ടെസ്റ്റിലും കോഹ്ലി കളിക്കാതിരുന്നതാണ് രോഹിതിന് മുന്നിൽ കയറാൻ സഹായകമായത്. 35 മത്സരങ്ങളിൽ 1769 റൺസ് നേടിയ ചേതേശ്വർ പൂജാര, 29 മത്സരങ്ങളിൽ 1589 റൺസ് നേടിയ അജിൻക്യ രഹാനെ, 24 മത്സരങ്ങളിൽ 1575 റൺസ് നേടിയ ഋഷബ് പന്ത് എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരവും രോഹിത് ശർമയാണ്. ഏഴ് സെഞ്ച്വറികളാണ് ഇന്ത്യൻ നായകൻ നേടിയത്.
എന്നാൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡ് ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ പേരിലാണ്. 49 മത്സരങ്ങളിൽ 4039 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആസ്ട്രേലിയൻ താരങ്ങളായ മാർനസ് ലബൂഷെയ്ൻ (43 ടെസ്റ്റുകളിൽ 3805), സ്റ്റീവ് സ്മിത്ത് (43 ടെസ്റ്റിൽ 3435) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു