ഹൈദരാബാദ്/ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു.
തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. സംസ്ഥാന രൂപവത്കരണത്തിന് പ്രത്യുപകാരം ചെയ്യാനും തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം സോണിയയോട് വ്യക്തമാക്കി.
ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു സോണിയയുടെ മറുപടി. ഖമ്മം മണ്ഡലത്തില്‍ മത്സരിക്കാനാണ് സംഘം സോണിയയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ 17 സീറ്റുകളില്‍ പരമാവധി എണ്ണത്തിലും വിജയം നേടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇതിനായുള്ള തയ്യറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2019-ലെ തിരഞ്ഞെടുപ്പില്‍ 17-ല്‍ മൂന്നിടത്താണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. മല്‍കാജ്ഗിരിയില്‍നിന്ന് വിജയിച്ച രേവന്ത് റെഡ്ഡി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോടങ്കലില്‍നിന്ന് എം.എല്‍.എയായിരുന്നു. കോണ്‍ഗ്രസിന്റെ രേണുക ചൗധരിയെ പരാജയപ്പെടുത്തിയ ബി.ആര്.എസിന്റെ നാമ നാഗേശ്വര റാവുവാണ് നിലവില്‍ ഖമ്മം എം.പി. 2014-ല്‍ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി ഇവിടെ വൈ.എസ്.ആര്. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക