ലണ്ടൻ: വിരമിച്ച ലോകോത്തര ഫുട്ബാൾ താരങ്ങളെ അണിനിരത്തി ഒരു ലോക ഫുട്ബാൾ മാമാങ്കം അണിയറയിലൊരുങ്ങുന്നു. റൊണാൾഡീഞ്ഞോയും മെസ്യൂട്ട് ഓസിലും തിയറി ഹെൻറിയും മൈക്കൽ ഓവനും ഹെർനൻ ക്രെസ്പോയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെന്റിന് ഇംഗ്ലണ്ടായിരിക്കും വേദിയാകുകയെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
35 വയസോ അതിൽ കൂടുതലോ പ്രായമുള്ള, ചുരുങ്ങിയത് 100 മത്സരങ്ങളിലെങ്കിലും ബൂട്ടണിഞ്ഞ താരങ്ങൾക്കേ ടൂര്‍ണമെന്റിൽ പങ്കെടുക്കാൻ കഴിയൂ. ഇ.പി.ജി കപ്പ് എന്ന പേരിൽ എലൈറ്റ് പ്ലെയേഴ്സ് ഗ്രൂപ്പാണ് മത്സരം സംഘടിപ്പിക്കുന്നത്.
Read also: രഞ്ജി ട്രോഫി: കേരളം-ഛത്തിസ്ഗഢ് മത്സരവും സമനിലയിൽ
മുൻലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, അർജൻ്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, ഉറുഗ്വേ എന്നീ എട്ട് ടീമുകളാണ് ടൂർണമെൻ്റിന്റെ ഭാഗമാകുക. ജൂൺ ആദ്യവാരം ഒരേ സ്റ്റേഡിയത്തിൽ ഏഴ് മത്സരങ്ങൾ നടത്താനാണ് പദ്ധതി.
മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ താൽക്കാലിക സ്ക്വാഡുകളിൽ ബ്രസീൽ താരങ്ങളായ കാക്ക, റൊണാൾഡീഞ്ഞോ, റിവാൾഡോ, ഇംഗ്ലണ്ടിന്റെ മൈക്കൽ ഓവൻ, ഇറ്റലിയുടെ ഫാബിയോ കന്നവാരോ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
സ്റ്റീവ് മക്മനമാൻ ഇംഗ്ലണ്ടിനെ നയിക്കുമ്പോൾ, എസ്റ്റെബാൻ കാംബിയാസോ (അർജൻ്റീന), എമേഴ്സൺ (ബ്രസീൽ), ക്രിസ്റ്റ്യൻ കരെംബ്യൂ (ഫ്രാൻസ്), കെവിൻ കുറാൻയി (ജർമ്മനി), മാർക്കോ മറ്റെരാസി (ഇറ്റലി), മൈക്കൽ സാൽഗാഡോ (സ്പെയിൻ), ഡീഗോ ലുഗാനോ (ഉറുഗ്വേ) എന്നിവരാണ് മറ്റ് ക്യാപ്റ്റൻമാർ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ