ദോഹ: ഗസ്സയിലെ മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി, യു.എന്നിലെ ഗസ്സ സീനിയർ ഹ്യുമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോഓർഡിനേറ്റർ സിഗ്രിദ് കാഗറുമായി കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്കിലെ ഖത്തർ പെർമനന്റ് മിഷൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു നയതന്ത്ര നേതാക്കളും ചർച്ച ചെയ്തു.ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം വേഗത്തിൽ എത്തിക്കുന്നതിന് ഖത്തറും യു.എന്നും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചയായി.
Read also: പാകിസ്താനിൽ തീവ്രവാദികൾ 10 പോലീസുകാരെ കൊലപ്പെടുത്തി
യു.എന്നിന്റെ ഫലസ്തീൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ട് താൽക്കാലികമായി നിർത്തിവെക്കുന്നതായി നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉന്നതതല നയതന്ത്ര പ്രതിനിധികളുടെ ചർച്ച.കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച യു.എൻ ഒ.സി.എച്ച്.എയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഗസ്സയിൽ ഇതുവരെയായി 26,900 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 65,949 ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സക്കെതിരായ ഇസ്രായേൽ വ്യോമ, കര, നാവിക ആക്രമണങ്ങൾ ഗസ്സയിലെ ആരോഗ്യമേഖലയെ തകർത്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിരവധി ആശുപത്രികൾ ആക്രമണങ്ങളിൽ തകർന്നു. ശേഷിക്കുന്ന ആശുപത്രികൾ മരുന്ന്, രക്തവിതരണം, ശുദ്ധജലം, ഇന്ധനം എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ