ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-മൂന്നിൽ ഹർജി നൽകി. 13ന് പരിഗണിക്കും. കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ പ്രോസിക്യൂഷൻ വാദവും അന്നേദിവസം കേൾക്കും.
അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ (എ.പി.പി) എതിർക്കാതിരുന്നതിനെത്തുടർന്നാണ് കേസിലെ ഒന്നുമുതൽ ഏഴുവരെയുള്ളവർക്കും 10ാം പ്രതിക്കും ജാമ്യം കിട്ടിയത്. കൊലപാതകക്കുറ്റത്തിൽ ജാമ്യാപേക്ഷയെ എതിർക്കേണ്ട സർക്കാർ അഭിഭാഷകൻ ജാമ്യം കൊടുക്കാമെന്ന് പറയുന്നത് അപൂർവമാണെന്നും പ്രതിഭാഗത്തിന് വാദംപോലും പറയേണ്ടി വന്നില്ലെന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറയുന്നു.
കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദംകേട്ടു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.വി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇത് നൽകേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ആണെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ഇതിന് അധികാരമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ അജിത് ശാസ്തമംഗലം വാദിച്ചു. ഹരജിയിൽ നേരത്തേ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഹാരിസിന്റെ വാദം കേട്ടിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ വാദംകേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ