ഡോ. വന്ദന ദാസിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം; ഹർജിയിൽ വിധി നാളെ

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. മാതാപിതാക്കളുടെ ഹർജിയിന്മേലാണ് ഹൈക്കോടതി വിധി പറയുക. കേസിലെ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷയിലും വിധി നാളെയാണ്.

പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും സിബിഐ അന്വേഷണം അനിവാര്യമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹ‍ർജി നൽകിയിരിക്കുന്നത്.

കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മെയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News