വയസ്സ് 76, ലക്ഷ്യം പത്താം ക്ലാസ്; ദുബായിലിരുന്ന് പഠിക്കുന്ന രുക്മിണി അമ്മ

ദുബായ് ∙ ഹൗ ഓള്‍ഡ് ആ‍ർ യു എന്നൊരു ചോദ്യം രുക്മിണി അമ്മയോട് ചോദിച്ചാല്‍ പ്രായത്തിലെന്തിരിക്കുന്നു, മനസിലല്ലേ കാര്യമെന്ന് തിരിച്ച് ചോദ്യം വരും. അതിന് കാരണവുമുണ്ട്.വയസ്സ് 76 ലെത്തി നില്‍ക്കുമ്പോള്‍ 14 മത്തെ വയസ്സില്‍ മുടങ്ങിപ്പോയ പഠനത്തെ തിരിച്ചുപിടിച്ചിരിക്കുകയാണ് എഴുത്തുകാരി കൂടിയായ ടി ഒ രുക്മിണിയെന്ന രുക്മിണിയമ്മ. മകന്‍ ജയകൃഷ്ണനൊപ്പം കണ്ണൂർ ചുഴലിയെന്ന ഗ്രാമത്തില്‍ നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോള്‍ പഠിക്കാനുളള പുസ്തകവും കൂടെയെടുത്തിരുന്നു. ഒഴിവുസമയങ്ങളില്‍ വായിച്ചും പഠിച്ചും പത്താം തരം തുല്യതാ പരീക്ഷയെഴുതാനുളള ഒരുക്കത്തിലാണിപ്പോള്‍ ഈ അമ്മ

∙വിവാഹം, 14 മത്തെ വയസ്സില്‍
1960 കളില്‍, 14 മത്തെ വയസ്സിലാണ് വിവാഹം കഴിയുന്നത്. തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അത് സാധ്യമാകുമായിരുന്നില്ല. അന്നത്തെ കാലമല്ലേ, പഠിക്കണമെന്നുളളതൊന്നും തുറന്നുപറയാന്‍ കൂടി പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് രുക്മിണി അമ്മ. കുടുംബവും കുഞ്ഞുങ്ങളുമായി കാലം കടന്നുപോയെങ്കിലും അക്ഷരങ്ങളോടും പുസ്തകങ്ങളോടുമുളള ഇഷ്ടം മനസില്‍ നിന്നും പോയില്ല. വായനയും തുടർന്നു.

∙ വഴിത്തിരിവായത് കുടുംബ ശ്രീ
അയല്‍പ്പക്കങ്ങളിലെ സ്ത്രീകള്‍ക്ക് ഒഴിവുസമയങ്ങളില്‍ കാണാനും സൗഹൃദം പുതുക്കാനും കുടുംബശ്രീ കൂട്ടായ്മ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രുക്മിണിയമ്മ കുടുംബശ്രീയിലേക്ക് എത്തുന്നത് 52 –ാമത്തെ വയസ്സിലാണ്. ആദ്യമെല്ലാം വർത്തമാനം പറഞ്ഞിരിക്കാന്‍ ഒരിടമെന്നുളളതായിരുന്നു കുടുംബശ്രീയെങ്കില്‍ പിന്നീട് ചെറിയ ചെറിയ കാര്യങ്ങള്‍ എഴുതി വായിക്കാനൊരിടമായി അത് മാറി. എല്ലാവരുടേയും പ്രോത്സാഹനം കൂടിയായപ്പോള്‍ കൂടുതല്‍ എഴുതി. അടുക്കളപ്പണികള്‍ക്കിടെയാണ് പലപ്പോഴും എഴുത്ത്. എഴുതുന്നതിനായി ചെറിയ ബുക്കും  പേനയും എപ്പോഴും ഒപ്പം കരുതും. മനസില്‍ വരുന്നത് അപ്പപ്പോള്‍ കുറിച്ചുവയ്ക്കും. അങ്ങനെയെഴുതിയ 59 കവിതകള്‍ ചേർത്താണ് ചെറിയ വലിയ കാര്യങ്ങള്‍ എന്ന പുസ്തകം ഇറക്കുന്നത്. പത്താം തരം തുല്യതാ പരീക്ഷയെഴുതാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പിന്തുണച്ചു.

സമ്മതം ചോദിച്ചിടാതങ്ങടുത്തെത്തുന്നൂ, വട്ടമിട്ടുപാട്ടുമൂളി ഉമ്മവയ്ക്കുന്നു, ഇരട്ടത്താപ്പെടുത്തല്ലേ കളിയാട്ടങ്ങള്‍

∙ ചെറിയകാര്യമല്ല, പുസ്തകം
‘‘സമ്മതം ചോദിച്ചിടാതങ്ങടുത്തെത്തുന്നൂ, വട്ടമിട്ടുപാട്ടുമൂളി ഉമ്മവയ്ക്കുന്നു, ഇരട്ടത്താപ്പെടുത്തല്ലേ കളിയാട്ടങ്ങള്‍’’ -ചെറിയ വലിയ കാര്യങ്ങളെന്ന തലക്കെട്ടില്‍ രുക്മണിയമ്മയെഴുതിയ ഈ കവിത കൊതുകിനോടുളള സംസാരമാണ്. ലളിതമായ വാക്കുകള്‍ ചേർത്തുവച്ചുകൊണ്ട് വായനക്കാരന്‍റെ മനസിനൊപ്പം ചേർന്ന് നടക്കുന്നു എഴുത്തുകാരി. പുസ്തകത്തിന്‍റെ അവതാരികയെഴുതിയ എം എം അനിത ചൂണ്ടികാണിക്കുന്നതുപോലെ അടുക്കളത്തോട്ടത്തില്‍ നിന്ന് എഴുത്തിന്‍റെ  പൂന്തോട്ടത്തിലേക്ക് പറിച്ചുനട്ട ഒരു ചെടിയുടെ പൂക്കള്‍ക്ക് പലനിറമുണ്ട്, ഗുണമുണ്ട്. ഈ അമ്മയുടെ കവിതകളില്‍ ജീവിതാനുഭവങ്ങളുടെ നിറങ്ങളും  ആഴവും പരപ്പും കാണാം. ചെറിയ വലിയ കാര്യങ്ങളെന്ന പുസ്തകത്തിന് ശേഷം ഇനിയും ഒരു പുസ്തകമിറക്കാനുളള തയ്യാറെടുപ്പിലാണ് ഈ അമ്മയിപ്പോള്‍.

∙മനസില്‍ കയറിയ എസ്എസ്എല്‍സി
വെറുതെ വായിച്ചാല്‍ പോരല്ലോ, അതിലെന്തെങ്കിലും കാര്യം കൂടെ വേണ്ടേയെന്ന തോന്നലില്‍ നിന്നാണ് പണ്ട് മുടങ്ങിപ്പോയ പഠനം വീണ്ടും തുടങ്ങിയാലോയെന്ന് ആലോചിക്കുന്നത്. കുടുംബം പിന്തുണച്ചതോടെ കേരള സാക്ഷരതാ മിഷൻ വയോജന വിദ്യാഭ്യാസ പദ്ധതിയിൽ ചേർന്നു. പുസ്തകങ്ങളെല്ലാം കിട്ടിയെങ്കിലുംഅപ്പോഴേക്കും ദുബായിലേക്ക് വന്നതോടെ ക്ലാസിലിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇനി നാട്ടിലെത്തി ക്ലാസിലിരുന്ന ശേഷമാണ് തുല്യതാ പരീക്ഷയെഴുതുക. പത്താം തരം ജയിച്ചതിന് ശേഷം എല്ലാവരോടും പറഞ്ഞാല്‍ മതിയെന്നതായിരുന്നു രുക്മിണിയമ്മയ്ക്ക് താല്‍പര്യമെങ്കിലും പഠനം പാതിവഴിയില്‍ നിലച്ചവർക്ക് തന്‍റെ അനുഭവം പ്രചോദനമാകുന്നങ്കില്‍ നല്ലകാര്യമെന്ന ചിന്തയാണ് അഭിമുഖങ്ങള്‍ക്ക് ഇരിക്കാന്‍ പ്രേരണയായത്. 

വിഷയങ്ങളില്‍ കണക്കാണ് കുഴക്കുന്നത്. കണക്ക് പഠിക്കാന്‍ ബന്ധുകൂടിയായ രമ്യയാണ് സഹായിക്കുന്നത്. സമയം കിട്ടുമ്പോള്‍ കണക്ക് അധ്യാപികയായ രമ്യയുടെ അടുത്തെത്തി പഠിക്കാറുണ്ട്. ഓർമ്മനില്‍ക്കുന്നില്ല എന്നുളളതും വിഷമമാണ്. എങ്കിലും പഠിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും രുക്മിണിയമ്മ പറയുന്നു. 50 ഓളം പേരാണ് രുക്മിണിയമ്മയുടെ കൂടെ കേരള സാക്ഷരതാ മിഷൻ വയോജന വിദ്യാഭ്യാസ പദ്ധതിയിലുളളത്. എന്നാല്‍ ബാക്കിയെല്ലാവരും 50 വയസ്സിനടുത്ത് പ്രായമുളളവർ. ഈ ബാച്ചിലെ ഏറ്റവും പ്രായമുളളയാള്‍ താനാണെന്നാണ് അവർ പറഞ്ഞതെന്നും രുക്മിണിയമ്മ പറയുന്നു.

∙ഗ്ലോബല്‍ വില്ലേജും പുസ്തകോത്സവവും
ദുബായിലെത്തിയതിന് ശേഷം ഗ്ലോബല്‍ വില്ലേജിലും ഷാർജ രാജ്യാന്തരപുസ്തകോത്സവത്തിലും പോയി. പുസ്തകങ്ങളോട് അടുപ്പമുളളതുകൊണ്ടുതന്നെ പുസ്തകോത്സവത്തില്‍ പോയത് മറക്കാനാകാത്ത അനുഭവമായി. ദുബായിലെ ഹിറ്റ് എഫ് എമ്മിലെ ഷാബൂ കിളിത്തട്ടിലിന്‍റെ പുസ്തകം രണ്ട് നീലമത്സ്യങ്ങള്‍ വായിച്ചതും എഴുത്തുകാരനൊപ്പം ഫൊട്ടോയെടുക്കാന്‍ കഴിഞ്ഞതും ഇഷ്ടത്തോടെ പറയുന്നു ഈ അമ്മ

∙ മാധവിക്കുട്ടിയുടെ നെയ്പായസം
എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ വായിക്കാറുണ്ട്. എങ്കിലും മാധവിക്കുട്ടിയുടെ നെയ്പായസം ഇഷ്ടകഥയാണ്. അത് തന്‍റെ തന്നെ കഥയാണെന്ന് തോന്നിയിട്ടുണ്ട്. കെ ആർ മീര, എംടി, സുഗതകുമാരി എല്ലാവരുടേയും പുസ്തകങ്ങളോടും ഇഷ്ടമാണ്. വായനയാണ് അറിവിന്‍റെ അടിത്തറ. കുട്ടികളോടും മുതിർന്നവരോടും അക്കാര്യമാണ് പറയാനുളളത്. മൊബൈലിലും ടിവിയിലുമെല്ലാം കിട്ടുന്ന അറിവുകള്‍ വന്ന് മാഞ്ഞ് പോകുന്നതാണ്. വായിച്ച അറിവുകള്‍ മനസിലെന്നുമുണ്ടാകും. അതുകൊണ്ടുതന്നെ വായനയെന്നും കൂടെ വേണമെന്ന് എല്ലാവരോടുമായി പറഞ്ഞുനിർത്തുന്നു രുക്മിണി അമ്മ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു