യാംബു: സൗദി അറേബ്യ വീണ്ടും ശൈത്യത്തിന്റെ പിടിയിൽ. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. തബൂക്കിലെ ജബൽ അല്ലൗസിലും മറ്റ് മലനിരകളിലും താഴ്വാരങ്ങളിലും തുറൈഫ്, അൽ ഖുറയാത്ത് എന്നിവിടങ്ങളിലും താപനില കുറഞ്ഞിട്ടുണ്ട്. മഞ്ഞുവീഴ്ചയുമുണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങൾ കഴിയുന്തോറും താപനില കുറയുകയാണ്. ശക്തമായ കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
നജ്റാൻ, റിയാദ് എന്നിവിടങ്ങളിലും കിഴക്കൻ മേഖലകളുടെ ചില ഭാഗങ്ങളിലും കാഴ്ചമറയ്ക്കുന്ന പൊടിക്കാറ്റ് കഴിഞ്ഞ ദിവസമുണ്ടായി. ജീസാൻ, അസീർ, അൽബാഹ പർവതനിരകളുടെ ചില ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കനതിർത്തി പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരും.ചെങ്കടലിലെ കാറ്റിന്റെ ചലനം വടക്ക് മുതൽ വടക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 20 മുതൽ 40 കി.മീറ്റർ വേഗത്തിലായിരിക്കുമെന്നും മധ്യഭാഗത്തും തെക്കൻ ഭാഗത്തും മണിക്കൂറിൽ 50 കി.മീറ്ററാകുമെന്നും തിരമാല ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെ ഉയരുമെന്നും ദേശീയ കാലാവസ്ഥകേന്ദ്രം ചൂണ്ടിക്കാട്ടി. അറേബ്യൻ ഗൾഫിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 25 മുതൽ 50 വരെ കി.മീറ്റർ വരെ വേഗത്തിലായിരിക്കുമെന്നും കേന്ദ്രം പ്രവചിച്ചു.
ഗൾഫ് മേഖലകളിലും സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ അതിശൈത്യത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. സൗദിയിലെ ചില പ്രവിശ്യകളിൽ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി മുതൽ നാല് ഡിഗ്രി വരെയും കൂടിയ താപനില 10 ഡിഗ്രിമുതൽ 17 ഡിഗ്രിവരെയുമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു