കൊച്ചി∙ അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്.
2ന് രാത്രി 10 മണിയോടെയാണ് സംഭവം. വഴിയരികിൽ കാർ നിർത്തിയിട്ട പ്രതികൾ വണ്ടിയിലേക്ക് ചായ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തശേഷം സബീറിനെ റോപ് സൺ വാഹനത്തിലേക്ക് വലിച്ചുകയറ്റി. സംഘം എറണാകുളം ഭാഗത്തേക്കു പോയി. പോകുന്ന വഴി കണ്ണ് കെട്ടി. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം ഇയാളുടെ മൊബൈൽ ബലമായി വാങ്ങിയെടുത്തു.
പുലർച്ചെ കലൂർ ഭാഗത്ത് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. എറണാകുളം ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലുൾപ്പെട്ട റോപ് സണുമായി പരിചയമുള്ളയാളാണ് അതിഥി തൊഴിലാളി. ഡിവൈഎസ്പി എ.പ്രസാദ്, എസ്ഐമാരായ കെ.നന്ദകുമാർ, എസ്.എസ്.ശ്രീലാൽ, എഎസ്ഐ കെ.എ. നൗഷാദ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് , എം.എസ്.സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ