ന്യൂഡൽഹി: പഞ്ചാബിലെ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
19-ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാനും വരണാധികാരിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വരണാധികാരി അനില്‍ മസീഹിനെതിരെ പ്രോസിക്യുഷന്‍ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ആം ആദ്മി പാർട്ടി (എഎപി) നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
‘‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവൃത്തിയാണ് റിട്ടേണിങ് ഓഫിസർ ചെയ്തത്. അദ്ദേഹം ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചു കളഞ്ഞതു ദൃശ്യങ്ങളിൽ വ്യക്തമാണ്. റിട്ടേണിങ് ഓഫിസർ ക്യാമറയിലേക്ക് നോക്കുന്നതും ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തേണ്ടത്? ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഇത്തരത്തിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ അനുവദിക്കില്ല. അയാളെ പ്രോസിക്യൂട്ട് ചെയ്യണം’’– ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ എല്ലാ കക്ഷികൾക്കും കോടതി നോട്ടിസ് അയച്ചു.
ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ബാലറ്റ് പേപ്പറുകള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പടെ എല്ലാം മാറ്റാനാണ് നിര്‍ദേശം. ബി.ജെ.പിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
മേയർ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 36 വോട്ടുകളിൽ 8 എണ്ണം അസാധുവായതോടെയാണു ബിജെപി സ്ഥാനാർഥി വിജയിച്ചത്. തിരഞ്ഞെടുപ്പു സ്റ്റേ ചെയ്യണമെന്നും റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നുമാണു ഹർജിയിലെ ആവശ്യം.
















