മദീന: ഖാദിമുൽ ഹറമൈൻ ഉംറ, സിയാറ പദ്ധതിക്ക് കീഴിൽ സൽമാൻ രാജാവിന്റെ അതിഥികളായെത്തിയ വിദേശ ഉംറ തീർഥാടകർ മദീനയിലെ ചരിത്രസ്ഥലങ്ങളും പള്ളികളും സന്ദർശിച്ചു. ഉംറ നിർവഹിക്കുന്നതിന് മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മദീനയിൽ തങ്ങുന്ന ഇവർക്കായി ഇസ്ലാമിക മന്ത്രാലയം തയാറാക്കിയ സാംസ്കാരിക പരിപാടിയുടെ ഭാഗമാണിത്. മഖ്ബറതു ശുഹദാഹ്, ജബലു റുമാത്, മസ്ജിദ് ഖുബാഅ് എന്നിവയും കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയവും സംഘം സന്ദർശിച്ചു.
ഒരോ പ്രദേശത്തിന്റെയും ചരിത്രവും വിവരണങ്ങളും അതിഥികൾ കേട്ടു. ഇസ്ലാമിനും മുസ്ലിംകൾക്കുമുള്ള സൗദിയുടെ കരുതലിനും ചരിത്രപരമായ ഇസ്ലാമിക സ്മാരകങ്ങൾ സന്ദർശിക്കാനും കാണാനും അവസരമൊരുക്കിയതിനും സംഘം സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഖാദിമുൽ ഹറമൈൻ ഉംറ പദ്ധതിക്ക് കീഴിലെ രണ്ടാമത്തെ സംഘം മദീനയിലെത്തിയത്. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും 15 രാജ്യങ്ങളിൽ നിന്നുള്ള 250 പ്രമുഖ ഇസ്ലാമിക വ്യക്തികൾ ഉൾപ്പെടുന്നതാണ് രണ്ടാം സംഘം. മദീന സന്ദർശനം പൂർത്തിയാക്കി ഉടനെ സംഘം മക്കയിലേക്ക് പുറപ്പെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു