അബൂദബി: ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കിടയില്‍ സുരക്ഷിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ച് അബൂദബി പൊലീസ്. ലഘുലേഖകള്‍, റിഫ്ലക്ഷനുള്ള മേലുടുപ്പ്, ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ മുതലായവ പൊലീസ് മോട്ടോര്‍ സൈക്കിള്‍, ഇലക്ട്രിക് ബൈക്ക്, സൈക്കിള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വിതരണം ചെയ്തു. ഡെലിവറി റൈഡര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അബൂദബി പൊലീസ് നേരത്തേ പുറപ്പെടുവിച്ചിരുന്നു.
റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ബോക്സിന്റെ വീതിയും നീളവും ഉയരവും 50 സെന്റീമീറ്ററില്‍ കൂടരുതെന്നും നിർദേശമുണ്ട്. പെട്ടിയുടെ അരികുകളില്‍ റിഫ്ലക്ടീവ് സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കണം. പെട്ടിയിലെ എഴുത്ത് 20 മീറ്റര്‍ അകലെനിന്ന് വായിക്കാന്‍ പാകത്തിലാവണം. ഫൈബര്‍ ഗ്ലാസ് കൊണ്ടാവണം പെട്ടിയുടെ നിര്‍മിതി. എളുപ്പത്തില്‍ തുറക്കുന്നതിനായി പെട്ടിയുടെ മുന്നില്‍ സംവിധാനമുണ്ടാവണം. അമിതവേഗം ഒഴിവാക്കുന്നതിനും അപക്വമായി ഡ്രൈവിങ് രീതികള്‍ മാറ്റുന്നതിനുമായി നിരവധി ബോധവത്കരണ പരിപാടികളും ശില്പശാലകളുമാണ് അധികൃതര്‍ നടത്തിവരുന്നത്. ഹെല്‍മറ്റ്, ജാക്കറ്റ്, പാന്റ്സ്, ബൂട്ട് തുടങ്ങി മുഴുവന്‍ സുരക്ഷാ ഉപകരണങ്ങളും ധരിക്കുന്ന ഇരുചക്ര ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്.
നല്ല ടയറുകള്‍, മുന്നിലെയും പിന്നിലെയും പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍, റിഫ്ലക്ടീവ് സ്റ്റിക്കറുകള്‍ മുതലായവ വാഹനത്തിനുണ്ടാവണം. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കരുത്. കാല്‍നടയാത്രികര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന പാതകളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു